അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു
പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ തുടർച്ചയായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്താവ്. ശനിയാഴ്ച അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളും വൻ നാശനഷ്ടമാണ് അഫ്ഗാനിസ്താനിൽ വിതച്ചത്.
‘നിർഭാഗ്യവശാൽ, മരണനിരക്ക് വളരെ കൂടുതലാണ്…മരണസംഖ്യ ആയിരത്തിലധികം കവിഞ്ഞു’-സർക്കാർ വക്താവ് ബിലാൽ കരിമി എഎഫ്‌പിയോട് പറഞ്ഞു. ഭൂകമ്പത്തിൽ 465 വീടുകൾ തകരുകയും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തി.
മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു. പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാൻ ജില്ലയിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് മന്ത്രാലയം അറിയിച്ചു.
dsaasadsads