സിറിയയിൽ തുർക്കിയുടെ ഡ്രോൺ അമേരിക്ക വെടിവച്ചിട്ടു


സിറിയയിൽ തുർക്കിയുടെ ഡ്രോൺ അമേരിക്കൻ പോർവിമാനങ്ങൾ വെടിവച്ചിട്ടു. സിറിയയിലെ കുർദ് പോരാളികൾക്കെതിരേ തുർക്കി സേന ആക്രമണം തുടരുന്നതിനിടെ വ്യാഴാഴ്ച ആയിരുന്നു സംഭവം. സിറിയയിലെ ഹസാക്കയിൽ അമേരിക്കൻ സൈനികതാവളത്തിനു മുകളിൽ പറന്ന ഡ്രോണിനെ എഫ്−16 യുദ്ധവിമാനങ്ങൾ വെടിവച്ചിടുകയായിരുന്നുവെന്ന് അമേരിക്ക വിശദീകരിച്ചു. താവളത്തിന് അര കിലോമീറ്റർ അടുത്തെത്തിയ ഡ്രോൺ ഭീഷണിയെന്നു കണ്ടാണു തകർത്തതെന്നും കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുർക്കി പ്രതിരോധമന്ത്രി യാസർ ഗുലേറിനെ ബന്ധപ്പെട്ടു. 

സിറിയയിൽ സംഘർഷസാധ്യത കുറയ്ക്കണമെന്ന് ഓസ്റ്റിൻ ആവശ്യപ്പെട്ടു. ഈ മാസം ഒന്നിനു കുർദ് തീവ്രവാദികൾ തുർക്കി ആഭ്യന്തര മന്ത്രാലയത്തിനു മുന്നിൽ ചാവേർ സ്ഫോടനം നടത്തിയതിനു പിന്നാലെയാണ് തുർക്കിസേന സിറിയയിൽ ആക്രമണം ശക്തമാക്കിയത്. സ്ഫോടനത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച വടക്കൻ സിറിയയിൽ 26 കുർദ് പോരാളികളെ വധിച്ചതായി തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

article-image

ddhdf

You might also like

Most Viewed