ബഹിരാകാശം, ആരോഗ്യസംരക്ഷണം, പുനരുപയോഗ ഊർജം, നിർമിത ബുദ്ധി എന്നീ മേഖലകളിൽ സഹകരണവും നിക്ഷേപവും ശക്തമാക്കാൻ ഇന്ത്യ–യുഎഇ ധാരണ


ബഹിരാകാശം, ആരോഗ്യസംരക്ഷണം, പുനരുപയോഗ ഊർജം, നിർമിത ബുദ്ധി എന്നീ മേഖലകളിൽ സഹകരണവും നിക്ഷേപവും ശക്തമാക്കാൻ ഇന്ത്യയുഎഇ ധാരണ. അബുദാബിയിൽ ചേർന്ന സംയുക്ത ഉന്നതാധികാര കർമസമിതിയിലാണ് ധാരണാപത്രം ഒപ്പിട്ടത്. അബുദാബി ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി എംഡി ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങളെ ശക്തിപ്പെടുത്തി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കും യുഎഇക്കും താൽപര്യമുള്ള വ്യവസായ, സാങ്കേതിക വിദ്യയുടെ വികസനത്തിലും സഹകരിക്കും. കാർബൺ രഹിത വ്യവസായത്തിന് പുനരുപയോഗ ഊർജം ശക്തമാക്കാനും കരാർ ലക്ഷ്യമിടുന്നു. ഊർജ സംഭരണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്മാർട് ഗ്രിഡിലും ഇന്റർനെറ്റ് ഓഫ് തിങ്സിലും സഹകരിക്കും. സംയുക്ത ഗവേഷണ−വികസന പദ്ധതികളും ആവിഷ്കരിക്കും. വ്യാവസായിക നിക്ഷേപങ്ങളും സാങ്കേതികവിദ്യാ കൈമാറ്റവും സുഗമമാക്കുന്നതിനും കരാർ ഊന്നൽ നൽകുന്നു. വിതരണ ശൃംഖല, സ്റ്റാൻഡേഡൈസേഷൻ, പുനരുപയോഗ ഊർജം, ആരോഗ്യം, ജീവശാസ്ത്രം, ബഹിരാകാശം, നിർമിത ബുദ്ധി എന്നിവ ഉൾപ്പെടെ 7 പ്രധാന മേഖലകളിൽ കേന്ദ്രീകരിക്കുന്നതാണ് ധാരണാപത്രമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 

ഊർജ സംഭരണ സാങ്കേതികവിദ്യകൾ, സ്‌മാർട് ഗ്രിഡ്, ഐഒടി വിന്യാസം, പുനരുപയോഗ ഊർജം തുടങ്ങിയവയുടെ ഗവേഷണം, വികസനം, ആരോഗ്യം, ലൈഫ് സയൻസസ്, ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി ഉപയോഗം, ആർ ആൻഡ് ഡി എന്നിവയിലും സഹകരിക്കും.ബഹിരാകാശ വ്യവസായങ്ങളും മെച്ചപ്പെടുത്തും. വാണിജ്യ വികസനം, വിക്ഷേപണം, ആശയ വിനിമയം, ഭൗമ നിരീക്ഷണം, ബഹിരാകാശ പര്യവേക്ഷണം എന്നിവയ്ക്കായി ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ഉപയോഗം എന്നിവയിൽ സഹകരിക്കാനും ധാരണയായി. ബഹിരാകാശവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലൈസൻസിങ് വികസിപ്പിക്കുന്നതിലും സഹകരിക്കും. മെഷീൻ ലേണിങ്, ഡേറ്റ അനലറ്റിക്‌സ്, തത്സമയ ഡേറ്റ പ്രോസസിങ്, മെഷീൻ−ടു−മെഷീൻ നിയന്ത്രണ സംവിധാനങ്ങളുടെ വികസനം, സ്വയംഭരണ റോബട്ടിക്സ്, ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വികസനത്തിന് യോജിച്ചു പ്രവർത്തിക്കും. മെട്രോളജി, അക്രഡിറ്റേഷൻ, ഹലാൽ സർട്ടിഫിക്കേഷൻ എന്നിവയാണ് മറ്റു സഹകരണ മേഖലകൾ. മെയ്ക് ഇൻ ഇന്ത്യയ്ക്കു സമാനമായി മെയ്ക് ഇൻ ദി എമിറേറ്റ്സ് പദ്ധതി ഇന്ത്യയുടെ സഹകരണത്തോടെ തുടങ്ങുമെന്നു യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. സുസ്ഥിരതാ നിലവാരത്തിലും പുതിയ സാങ്കേതിക വിദ്യയിലും നേതൃനിരയിലേക്ക് രാജ്യത്തെ കൊണ്ടുവരാൻ മെയ്ക് ഇൻ ദി എമിറേറ്റ്സ് പദ്ധതിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാനും യുഎഇ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ  പറഞ്ഞു. ചെറുകിട ഉപഗ്രഹങ്ങൾ വഴി ആശയവിനിമയ രംഗത്തും ഭൗമ നിരീക്ഷണ മേഖലയിലും സഹകരണം മെച്ചപ്പെടുത്തും. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ലൈസൻസിങ്ങിലും സഹകരണം ഉറപ്പാക്കും. ഇതിനു പുറമെ ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

article-image

hfrthf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed