പ്രതിഫലേച്ഛ കൂടാതെ ലോകനന്മയ്ക്കായി പ്രവർത്തിക്കുവാനാണ് പരിശുദ്ധാത്മാവ് ആഹ്വാനം ചെയ്യുന്നതെന്ന് മാർപാപ്പ
നിരന്തരം നവീകൃതമാകുന്ന ഒരു ജീവിതമാണ് ക്രൈസ്തവജീവിതമെന്നു വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ നിരന്തര നവീകരണമാണ് സിനഡിന്‍റെ പ്രാഥമിക ലക്ഷ്യമെന്നും മാർപാപ്പ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ പതിനാറാമത് സിനഡിന് ആരംഭം കുറിച്ച്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം അർപ്പിച്ച വിശുദ്ധ കുർബാനയിലെ വചനസന്ദേശത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനം. ഈ അസാധാരണ സിനഡ് സമ്മേളനം ഒരു രാഷ്‌ട്രീയ സമ്മേളനമോ ഒരു പാർലമെന്‍ററി മീറ്റിംഗോ അല്ല എന്ന ആമുഖത്തോടെയാണ് മാർപാപ്പ സുവിശേഷ വായനയ്ക്കു ശേഷമുള്ള പ്രസംഗം ആരംഭിച്ചത്.
ദൈവത്തിൽ നോട്ടം ഉറപ്പിച്ചു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടായ്മയാണ് ഈ സിനഡിലൂടെ സഭ ആഗ്രഹിക്കുന്നത്. ലോകദൃഷ്ടിയിൽ മേന്മ കണ്ടെത്താനല്ല, മറിച്ച് പ്രതിഫലേച്ഛ കൂടാതെ ലോകനന്മയ്ക്കായി പ്രവർത്തിക്കുവാനാണ് പരിശുദ്ധാത്മാവ് നമ്മോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം സിനഡ് അംഗങ്ങളെ ഓർമിപ്പിച്ചു. ദൈവിക സന്ദേശം, വേദനിക്കുന്ന മനുഷ്യന് സമാശ്വാസത്തിനു കാരണമാകുന്ന വിധത്തിൽ എങ്ങനെ സാധാരണക്കാരിലേക്ക് എത്തിക്കാമെന്ന് സിനഡ് അംഗങ്ങൾ ചിന്തിക്കണമെന്ന് തന്‍റെ മുൻഗാമിയായ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞ അദ്ദേഹം എല്ലാവരെയും സിനഡിലേക്ക് പ്രാർഥനാപൂർവം സ്വാഗതം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ഇറ്റാലിയൻ സമയം രാവിലെ ഒൻപതിനായിരുന്നു അഞ്ഞൂറോളം വൈദികരും 340 ബിഷപ്പുമാരും സഹ കാർമികരായിരുന്ന വിശുദ്ധ കുർബാന നടന്നത്. സീറോ മലബാർ, സീറോ മലങ്കര സഭകൾ ഉൾപ്പെടെ പതിനഞ്ച് പൗരസ്ത്യ കത്തോലിക്കാ സഭകളുടെ മേലധ്യക്ഷന്മാർ മാർപാപ്പയോടൊപ്പം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണ ത്തിൽ വിശ്വാസിസമൂഹത്തെ അഭിവാദ്യം ചെയ്തു.
dgdg