യുഎസ് പ്രതിനിധിസഭയുടെ സ്‌പീക്കറെ പുറത്താക്കി
യുഎസ് പ്രതിനിധിസഭയുടെ സ്പീക്കർ കെവിൻ മക്കാർത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഡെമോക്രാറ്റുകളുമായുള്ള സഹകരണത്തെച്ചൊല്ലി ഇടഞ്ഞ റിപ്പബ്ലിക്കൻ പാർടിയിലെ തീവ്രവലതുപക്ഷക്കാരാണ് മക്കാർത്തിയെ പുറത്താക്കാൻ ചുക്കാൻപിടിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിനിധിസഭ സ്‌പീക്കറെ വൊട്ടെടുപ്പിലൂടെ പുറത്താക്കിയത്. ചൊവ്വാഴ്‌ച 216 പേർ മക്കാർത്തിയെ പുറത്താക്കാൻ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇതിൽ എട്ടുപേർ സ്വന്തം പാർടിയായ റിപ്പബ്ലിക്കൻ അംഗങ്ങളാണ്. 210 പേർ എതിർത്തു. നോർത്ത് കരോലിനയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ അംഗമായ പാട്രിക് മക്‌ഹെൻറിയാണ് പ്രൊ−ടേം സ്പീക്കർ. കഴിഞ്ഞ ജനുവരിയിലാണ് 55−ആമത് സ്പീക്കറായി മക്കാര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അടച്ചിടേണ്ട അവസ്ഥയിൽനിന്ന് അവസാനനിമിഷമാണ് കഴിഞ്ഞ ദിവസം അമേരിക്ക താൽക്കാലിക രക്ഷനേടിയത്.
ഹ്രസ്വകാല ധനാനുമതി ബിൽ പ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തി അംഗങ്ങളുടെ പരിഗണനയ്ക്കായി വയ്ക്കുകയായിരുന്നു. പ്രസിഡന്റ് ജോ ബൈഡൻ സർക്കാർ വലിയ പ്രതിസന്ധിയിൽനിന്ന് രക്ഷപെട്ട നടപടിക്ക് ഡെമോക്രാറ്റുകളുമായി സഹകരിച്ചെന്ന പേരിലാണ് ഒരു വിഭാഗം റിപ്പബ്ലിക്കൻമാരും മക്കാർത്തിയുമായുള്ള തർക്കം രൂക്ഷമായത്. ഫ്ലോറിഡയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മാറ്റ് ഗേറ്റ്‌സിന്റെ നേതൃത്വത്തിലായിരുന്നു പ്രമേയം കൊണ്ടുവന്നത്.
ഇനി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മക്കാർത്തി വ്യക്തമാക്കി. താൻ വിശ്വസിക്കുന്നതിനുവേണ്ടിയാണ് പോരാടിയതെന്നും മറ്റൊരു രീതിയിൽ യുദ്ധം തുടരാനാകുമെന്ന് വിശ്വസിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
2019 മുതല്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാർത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 15 വട്ടം വോട്ടെടുപ്പ് നടത്തിയാണ് ഭൂരിപക്ഷം നേടിയത്. 164 വർഷത്തിനിടെ ആദ്യമായാണ് സഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും സ്‌പീക്കറെ തെരഞ്ഞെടുക്കാൻ 15 വട്ടം തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. അമേരിക്കയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് പ്രതിനിധി സഭാ സ്‌പീക്കർ.
്ി്ിപ