വത്തിക്കാനിൽ സിനഡ് സമ്മേളനം ആരംഭിച്ചു
ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്ത, ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന അസാധാരണ സിനഡ് സമ്മേളനം വത്തിക്കാനിൽ ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് (പ്രാദേശിക സമയം രാവിലെ ഒൻപത്) വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനത്തിനു തുടക്കമായത്. ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പ്രത്യേക സിനഡിലെ 370 അംഗങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയിട്ടുള്ള വിശ്വാസിസമൂഹവും ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്നു വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ‘പൊതുനന്മയ്ക്കുവേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യത്തോടെയാണ് മാർപാപ്പ ഈ സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. ദൈവശാസ്ത്രപഠനങ്ങളുടെ ആനുകൂൽയമില്ലാത്ത സാധാരണക്കാരുടെ ഉത്കണ്ഠ വർധിപ്പിക്കുന്ന തരത്തിൽ പലതരം വ്യഖ്യാനങ്ങൾ വിശ്വാസ ജീവിതത്തിൽ കടന്നു വരുന്ന ഇക്കാലത്ത് യഥാർഥ സത്യത്തിലേക്ക് ഒന്നിച്ചു നീങ്ങുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. വൈരുധ്യങ്ങളുടെ കുത്തൊഴുക്കിൽ ഒന്നിച്ചുനിൽക്കാനുള്ള അവസരംതേടലാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മാർപാപ്പ വിശദീകരിച്ചിരിക്കുന്നത്. രണ്ടുതരത്തിലുള്ള പ്രത്യേകതകളാണ് ഈ അസാധാരണ സിനഡിനുള്ളത്. ഒന്നാമത്, ഇതു വിളിച്ചുചേർത്ത രീതിയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ എന്താണ് എന്ന് സാധാരണ വിശ്വാസികളോടു ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന സിനഡ് ജനകീയനായ ഒരു മാർപാപ്പയുടെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊരു പ്രത്യേകത, പങ്കെടുക്കുന്നവർ പൗരോഹിത്യപദവിയിലുള്ളവർ മാത്രമല്ല എന്നതാണ്.
പങ്കെടുക്കുന്ന 370ൽ 70 പേർ മെത്രാൻസംഘത്തിനു പുറത്തു നിന്നുള്ളവരാണ്. കൂടെ നടന്നു ശിഷ്യന്മാരെ സാന്ത്വനപ്പെടുത്തിയ ഈശോയെയാണ് സിനഡിന്‍റെ നേതൃസ്ഥാനത്ത് കാണുന്നതെന്ന് സീറോ മലബർ സഭയ്ക്കുവേണ്ടി സിനഡിൽ സംബന്ധിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇന്നത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം പരിശുദ്ധ പിതാവ് സിനഡ് അംഗങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം വിവിധ മോഡറേറ്റർമാരെ ചർച്ചകളുടെ ഉത്തരവാദിത്വം ഏൽപിക്കും. ലോകം മുഴുവൻ ചർച്ചയായ മാർപാപ്പയുടെ ചാക്രിക ലേഖനം ലൗദാത്തോ സി യുടെ രണ്ടാം പതിപ്പ് ഈ സിനഡിൽ പുറത്തിറങ്ങും. കാലാവസ്ഥാ വ്യതിയാനത്തിൽ ഊന്നി നിന്നുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ച മാർപാപ്പയുടെ വാക്കുകൾക്ക് ലോകനേതാക്കൾ കാതോർക്കുമെന്നുറപ്പാണ്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ഇന്ന് ആരംഭിക്കുന്ന സിനഡിന്‍റെ ആദ്യ സമ്മേളനം 29 വരെയാണ്. അടുത്തവർഷം ഒക്ടോബറിലാണ് സമാപനം.
ghfgh