സിഖ് നേതാവിന്‍റെ കൊലപാതകം: കനേഡിയൻ സർക്കാറിന്‍റെ ആരോപണം തള്ളി ഇന്ത്യ


ന്യൂഡൽഹി: കനേഡിയൻ മണ്ണിൽ ഇന്ത്യൻ ഏജന്‍റുമാർ ഖലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണം തള്ളി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ കാനഡയിലെ ഖലിസ്ഥാൻ പ്രവർത്തകരുടെ വിഘടന പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുടെ വിഷയത്തിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. ഈ വിഷയത്തിൽ കനേഡിയൻ സർക്കാറിന്‍റെ നിഷ്‌ക്രിയത്വം ദീർഘകാലമായുള്ള ആശങ്കയാണ്. സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി തന്നെ നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു, എന്നാൽ അവ പൂർണ്ണമായും തള്ളിയതാണ് -പ്രസ്താവനയിൽ പറയുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി വന്നിരിക്കുന്നത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് കാനഡ പുറത്താക്കിയത്. ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യ നിയോഗിച്ച ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്നാണ് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ അറിയിച്ചത്. തുടർന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഒരു വിദേശ സർക്കാറിന്‍റെ പങ്ക് കാനഡയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളായി. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഖലിസ്ഥാൻ വാദികളുടെ കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ജസ്റ്റീൻ ട്രൂഡോയെ ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിരുന്നു.

article-image

dfgdfgdfgdfgdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed