ലിബിയയിലെ പ്രളയം; 3 ലക്ഷം കുട്ടികൾ പകർച്ച വ്യാധി ഭീതിയിലെന്ന് യുഎൻ


മിന്നൽ പ്രളയവും ചുഴലിക്കാറ്റും ഡാം തകർച്ചയും തകർത്തെറിഞ്ഞ കിഴക്കൻ ലിബിയയിൽ ഏകദേശം 3,00,000 കുട്ടികൾ കോളറ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെയും പോഷകാഹാരക്കുറവിന്റെയും ഭീഷണി നേരിടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) റിപ്പോർട്ട്. മലിനജലമാണ് നിലവിൽ കിഴക്കൻ ലിബിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മലിനജലത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങൾ മേഖലയിൽ പടർന്നുപിടിച്ചേക്കാമെന്നാണ് ഭീതി. ഈ മാസം പത്തിന് രാത്രി വീശിയടിച്ച ഡാനിയേൽ കൊടുങ്കാറ്റും ശക്തമായ പേമാരിയും പിന്നാലെയുണ്ടായ ഡാം തകർച്ചയും തുറമുഖ നഗരമായ ഡെർനയിലാണ് ഏറ്റവും കൂടുതൽ നാശംവിതച്ചത്. ഇവിടെ ഏകദേശം 40,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 100,000 പേർ ജീവിച്ച നഗരമായിരുന്നു ഡെർന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡെർനയിലെ രണ്ട് ഡാമുകൾ തകർന്നത്. ഡാനിയേൽ കൊടുങ്കാറ്റിന്റെയും പ്രളയത്തിന്റെയും ഫലമായിട്ടായിരുന്നു ഇത്. കൂറ്റൻ തിരമാലകൾ പോലെ ഡാമുകളിലെ ജലം ഡെർന നഗരത്തെ മൂടിയപ്പോൾ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. പ്രളയജലം നഗരത്തെ രണ്ടായി കീറിമുറിച്ച് കടലിലേക്ക് ഒഴുകി. ഡെർനയിൽ മാത്രം മരിച്ചവരുടെ എണ്ണം 11,300 ആണെന്ന് യു.എൻ ഇന്നലെ സ്ഥിരീകരിച്ചു. മേഖലയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ തെരച്ചിൽ തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കും. മരണസംഖ്യ 20,000ത്തോളം എത്തിയേക്കാമെന്ന് മേയർ മുന്നറിയിപ്പ് നൽകിയിരുന്നു. 10,100 പേരെ ഇനിയും കാണാനില്ല. ഡെർനയ്ക്ക് പുറത്ത് കൊടുങ്കാറ്റിനിടെ 170 പേർ മരിച്ചെന്നാണ് യു.എന്നിന്റെ കണക്ക്. 

അതേസമയം, ഡാമുകളുടെ തകർച്ച സംബന്ധിച്ച് രാജ്യത്തെ പ്രോസിക്യൂട്ടർ ജനറൽ അൽ സദ്ദിക്ക് അൽ സൗറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡാമുകളിൽ 1998 മുതൽ വിള്ളലുകളുണ്ടായിരുന്നതായാണ് വിവരം. 1970കളിലാണ് ഈ ഡാമുകൾ നിർമ്മിച്ചത്. ഡെർനയെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു ഡാമുകളിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് അധികൃതർ പറയുന്നു. ഡാമുകളിൽ വിള്ളലുകൾ കണ്ടെത്തിയതിന് പിന്നാലെ തന്നെ പുതിയ ഡാം നിർമ്മിക്കണമെന്ന് ഇറ്റലിയിൽ നിന്നുള്ള വിദഗ്ദ്ധർ ലിബിയയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അധികൃതർ ഇത് അവഗണിച്ചെന്നും ഡാമിന്റെ അടിത്തറയിലും രൂപകൽപനയിലും പാളിച്ചകൾ ഉണ്ടായിരുന്നെന്നുമാണ് ആരോപണം.

article-image

asrar

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed