കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ചൈന തയാറാകണമെന്ന് ഡബ്ല്യു.എച്ച്.ഒ


കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ സാർസ് കോവ് −2 (SARS-CoV−2) കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ചൈന തയാറാകണമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. കൊവിഡ് ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് വീണ്ടും വിദഗ്ദ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ സംഘടന തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചൈനയുടെ ഭാഗത്ത് നിന്ന് പൂർണ സഹകരണം വേണമെന്നും ഉഭയകക്ഷി ചർച്ചകളിൽ രാജ്യങ്ങൾ ഇക്കാര്യം ചൈനയോട് ഉന്നയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കൊവിഡിനെ ഡബ്ല്യു.എച്ച്.ഒ ‘ മഹാമാരി”യായി പ്രഖ്യാപിച്ചത്. 2021ൽ ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ മഹാമാരിക്കിടയാക്കിയ കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് ഒരു മൃഗത്തിലേക്കും അവിടെ നിന്ന് മനുഷ്യനിലേക്കും പടർന്നെന്ന നിഗമനത്തിലെത്തിയെങ്കിലും സാധുവായ തെളിവുകൾ നിരത്താനായില്ല. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ വേണം. 

2019ൽ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം കണ്ടെത്തിയത്. ഇവിടത്തെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിന്ന് അബദ്ധത്തിൽ ചോർന്നതാകമെന്നതടക്കം സിദ്ധാന്തങ്ങളും നിലവിലുണ്ട്. വൈറസ് വുഹാൻ ലാബിൽ നിന്ന് പുറത്തുകടക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് ഡബ്ല്യു.എച്ച്.ഒയും മുമ്പ് വ്യക്തമാക്കിയിരുന്നു. അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ഏതാനും ചില ലാബുകളിൽ ഒന്നുമാണ് ഇത്. ബയോസേഫ്‌റ്റി ലെവൽ −4 വിഭാഗത്തിൽപ്പെട്ട (BSL −4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യത്തെ ലാബ് ഇതാണ്. സാർസ് രോഗത്തിന് (SARS − സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) കാരണമായ കൊറോണ വൈറസുകളിൽ ഇവിടെ പഠനങ്ങൾ നടത്തിയിരുന്നു. 

ഇവയിൽ ജനിതക വ്യതിയാനം വരുത്തിയാണ് കൊവിഡിനെ സൃഷ്ടിച്ചതെന്നും ഒരു വിഭാഗം വാദിച്ചിരുന്നു. ചൈനീസ് മിലിട്ടറിയുടെ ജൈവായുധ ഗവേഷണ പദ്ധതി ഇവിടെ നടന്നെന്നും പ്രചാരണമുണ്ട്. ചൈനയിൽ നിന്നുള്ള ഡേറ്റകളുടെ അഭാവവും ഭരണകൂടം നൽകിയ വിവരങ്ങളിലെ അവ്യക്തതയും കാരണം കൊവിഡ് ഉത്ഭവം സ്ഥിരീകരിക്കാനാകാത്തത് വെല്ലുവിളിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ വൈറസിന്റെ ശരിയായ ഉറവിടം കണ്ടെത്തുക അനിവാര്യമാണ്.

article-image

sfgsg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed