കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി. ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് വസ്ത്രവും അടക്കമുള്ള സമ്മാനങ്ങൾ നൽകിയാണു റഷ്യൻ നേതാക്കൾ കിമ്മിനെ യാത്രയാക്കിയത്. ആറു ദിവസം നീണ്ട സന്ദർശനത്തിൽ റഷ്യൻ സൈനിക ഫാക്ടറികൾ സന്ദർശിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. കിഴക്കൻ റഷ്യയിലെ അർത്യോം നഗരത്തിൽനിന്ന് കിം ഇന്നലെ സ്വന്തം ബുള്ളറ്റ്പ്രൂഫ് ആഡംബര ട്രെയിനിൽ ഉത്തരകൊറിയയിലേക്കു മടക്കയാത്ര ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയുമായും ഉത്തരകൊറിയയുമായും അതിർത്തി പങ്കിടുന്ന റഷ്യൻ പ്രവിശ്യയായ പ്രിമോര്യയിലെ ഗവർണർ ഒലെഗ് കൊസെമിയാക്കോ ആണ് കിമ്മിനു ഡ്രോണുകൾ സമ്മാനിച്ചത്. അഞ്ച് ചാവേർ ആക്രമണ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണുമാണു നൽകിയത്. വെടിയുണ്ടയെ തടയുന്ന ചട്ടയും തെർമൽ കാമറകളെ വെട്ടിക്കാൻ ശേഷിയുള്ള പ്രത്യേക കുപ്പായവും ഗവർണർ സമ്മാനിച്ചു.
sdgs