മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന്‍റെ ഒന്നാം വാർഷികദിനത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു
ഇറാനിലുടനീളം സർക്കാർവിരുദ്ധ പ്രതിഷേധത്തിനു തിരികൊളുത്തിയ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന്‍റെ ഒന്നാം വാർഷികദിനമായ ഇന്നലെ മഹ്സയുടെ പിതാവ് അംജദ് അമിനിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. മഹ്സയുടെ സ്വദേശമായ സാക്വേസിൽ പരന്പരാഗത രീതിയിൽ ചരമവാർഷിക ചടങ്ങുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചതാണു കാരണമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ചടങ്ങ് നടത്തരുതെന്ന മുന്നറിയിപ്പോടെ പിന്നീട് വിട്ടയച്ചു. എന്നാൽ ചടങ്ങു നടത്തുമെന്ന് പിതാവും മറ്റു ബന്ധുക്കളും പറഞ്ഞു. ചരമവാർഷികത്തോടനുബന്ധിച്ച് പടിഞ്ഞാറൻ ഇറാനിലെ കുർദ് മേഖലയിൽ വലിയ റാലികൾ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇറാനിലെ ഓദ്യോഗിക മാധ്യമങ്ങൾ ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞവർഷം ശിരോവസ്ത്രനിയമം ലംഘിച്ചുവെന്നാരോപിച്ച് ടെഹ്റാനിലെ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22) എന്ന കുർദ് വംശജ ദിവസങ്ങൾക്കകം കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഏഴു പേരെ സർക്കാർ തൂക്കിലേറ്റി.
ചരമവാർഷികത്തോടനുബന്ധിച്ച് മഹ്സയുടെ സ്വദേശത്ത് വൻ സുരക്ഷ ഒരുക്കിയിരുന്നു. മഹ്സയുടെ പിതാവിനെ അറസ്റ്റ് ചെയ്തില്ലെന്നാണ് ഔദ്യോഗിക മാധ്യമമായ ഇർന ന്യൂസ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചുവോ എന്ന കാര്യം ഇർന വ്യക്തമാക്കിയില്ല. കുർദ് മേഖലയിൽ വലിയ റാലികൾ നടന്നുവെന്ന കാര്യവും ഇർന നിഷേധിച്ചു. സുരക്ഷാസേനയുടെ സാന്നിധ്യം മൂലം മേഖല നിശബ്ദമായിരുന്നുവെന്നാണ് ഇർന റിപ്പോർട്ട് ചെയ്തത്.
dsfgsdf