വിന്‍സ്റ്റന്‍ ചർ‍ച്ചിലിന്റെ ഓൾ‍ഡ് വാർ‍ ഓഫിസ് ഹിന്ദുജ ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കുന്നു


ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിൾ‍സ് ഹോട്ടൽ‍സ് ആന്റ് റിസോർ‍ട്ട്‌സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചർ‍ച്ചിലിന്റെ ഓൾ‍ഡ് വാർ‍ ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റുന്നു. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ആഡംബര ഹോട്ടൽ‍ സെപ്റ്റംബർ‍ 26−നായിരിക്കും ഉദ്ഘാടനം ചെയ്യുക. വൈറ്റ്ഹാളിലെ ഈ രാജകീയ മന്ദിരത്തിന്റെ വലുപ്പവും സൗന്ദര്യവും തങ്ങളുടെ ടീമിനെ അത്യാകർ‍ഷിച്ചതായി ഈ പദ്ധതിക്കു മേൽ‍നോട്ടം വഹിച്ച സഞ്ജയ് ഹിന്ദുജ പറഞ്ഞു. ഇതിനു പുതിയ ജീവിതത്തിന്റെ ശ്വാസം നൽ‍കുമ്പോൾ‍ ഈ കെട്ടിടത്തിന്റെ പുരാതന മഹത്വം തിരികെ കൊണ്ടു വരാനും അതിന്റെ പാരമ്പര്യത്തെ മാനിക്കാനും വേണ്ട ചെലവുകളൊന്നും ഒഴിവാക്കിയിട്ടില്ല. റാഫിൾ‍സുമായി ചേർ‍ന്ന് ഓൾ‍ഡ് വാർ‍ ഓഫിസിന് കാലാതീതവും അതിരുകളില്ലാത്തതുമായ പാരമ്പര്യം നൽ‍കാനാവും എന്നാണു തങ്ങൾ‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വൈറ്റിഹാളിൽ‍ ഡൗണിങ് സ്ട്രീറ്റിന് എതിർ‍വശത്തുള്ള ഈ കെട്ടിടം എട്ടു വർ‍ഷം മുന്‍പാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്. തുടർ‍ന്ന് ഇത് ആഡംബര വസതികളും റസ്റ്റോറന്റുകളും സ്പാകളും ഉൾ‍പ്പെടുന്ന ഒരു ഹബ് ആക്കി മാറ്റുവാന്‍ റാഫിൾ‍സ് ഹോട്ടൽ‍സുമായി സഹകരണമുണ്ടാക്കി. ബ്രിട്ടീഷ് വാസ്തുശിൽ‍പിയായ വിൽയം യങ് രൂപകൽ‍പന ചെയ്ത ഓൾ‍ഡ് വാർ‍ ഓഫിസ് 1906−ലാണ് പൂർ‍ത്തിയാക്കിയത്. അതിനു മുന്‍പ് ഈ സൈറ്റ് വൈറ്റ്ഹാൾ‍ ഒറിജിനൽ‍ പാലസ് ആയിരുന്നു. വിന്‍സ്റ്റന്‍ ചർ‍ച്ചിലും ഡേവിഡ് ലോയ്ഡ് ജോർ‍ജ്ജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കൾ‍ ഇവിടെയുള്ള ഓഫിസിൽ‍ പ്രവർ‍ത്തിച്ചിരുന്നു. ഇതിന്റെ വാസ്തുശിൽ‍പ സൗന്ദര്യം പിന്നീട് ജെയിംസ് ബോണ്ട് ചിത്രങ്ങൾ‍ക്കും വളരെ അടുത്ത കാലത്ത് ദി ക്രൗണ്‍ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയ്ക്കും പശ്ചാത്തലമായിരുന്നു. പ്രതീക്ഷകളെ മറികടന്ന മികവുമായെത്തിയ ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമായ ഓരോരുത്തർ‍ക്കും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത പ്രതീതിയാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആസ്സർ‍ ചെയർ‍മാനും സിഇഒയുമായ സെബാസ്റ്റ്യന്‍ ബാസിന്‍ പറഞ്ഞു. സമാനതകളില്ലാത്ത ഈ ഹോട്ടൽ‍ അനുഭവിക്കാന്‍ ഹിന്ദുജ കുടുംബത്തോടു ചേർ‍ന്ന് തങ്ങളും യാത്രികരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെയുള്ള നവീകരണത്തിന്റെ ഭാഗമായി, അതിലോലമായ മൊസൈക് ഫ്‌ളോറുകൾ‍, ഓക്ക് പാനലിംഗ്, തിളങ്ങുന്ന ഷാന്‍ഡിലിയറുകൾ‍, ഗംഭീരമായ മാർ‍ബിൾ‍ ഗോവണി എന്നിവ ഉൾ‍പ്പെടെയുള്ള ചരിത്രപരമായ ഇന്റീരിയർ‍ ഘടകങ്ങൾ‍ പുനഃസ്ഥാപിച്ചു. 120 മുറികളും സ്യൂട്ടുകളും, ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്‌നേച്ചർ‍ ഡൈനിംഗ് അനുഭവങ്ങൾ‍, ഗ്രാന്‍ഡ് ബാൾ‍റൂം ഉൾ‍പ്പെടെയുള്ള വിനോദ സ്ഥലങ്ങൾ‍ തുടങ്ങിയവ ഓൾ‍ഡ് വാർ‍ ഓഫീസിൽ‍ ഒരുക്കിയിട്ടുണ്ട്.

article-image

sdtgdtg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed