റഷ്യയുടെ അത്യന്താധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ൻ സേന തകർത്തതായി റിപ്പോർട്ട്
റഷ്യയുടെ അത്യന്താധുനിക എസ് 300, എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ൻ സേന തകർത്തതായി റിപ്പോർട്ട്. അധിനിവേശ ക്രിമിയയിലെ യെവ്പാതോറിയയിൽ ഇന്നലെ പുലർച്ചെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായി പരിഗണിക്കുന്ന എസ് 400 സംവിധാനത്തിന് എല്ലാവിധ മിസൈലുകളെയും വിമാനങ്ങളെയും വെടിവച്ചിട്ടാൻ കഴിയുമെന്നാണ് അവകാശവാദം. ഒരു യൂണിറ്റിന് 120 കോടി ഡോളർ വിലവരുന്ന ഇത് ഇന്ത്യയും ചൈനയുമെല്ലാം വാങ്ങിയിട്ടുണ്ട്. ആദ്യം ഡ്രോണുകൾ ഉപയോഗിച്ച് മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ റഡാറും പിന്നീട് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് മിസൈൽ യൂണിറ്റും തകർത്തുവെന്നാണു യുക്രെയ്ൻ സേന അവകാശപ്പെടുന്നത്. യെവ്പാതോറിയയിൽ ആക്രമണമുണ്ടായതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡയിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിന്‍റെ പ്രാധാന്യം കുറച്ചുകാണിച്ച റഷ്യ, യുക്രെയ്ന്‍റെ 11 ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ടു. മിസൈൽ പ്രതിരോധ സംവിധാനത്തിനോ സൈനിക താവളത്തിനോ നാശമുണ്ടായെന്ന കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ക്രിമിയയിൽ ആക്രമണം ശക്തമാക്കിയിരിക്കുന്ന യുക്രെയ്ൻ സേന കഴിഞ്ഞദിവസം റഷ്യൻ നാവികസേനയുടെ കരിങ്കടൽ പടയുടെ ആസ്ഥാനമായ സെവാസ്തപോൾ തുറമുഖത്തേക്കു മിസൈലുകൾ പ്രയോഗിച്ചിരുന്നു. രണ്ടു റഷ്യൻ കപ്പലുകൾക്കു കാര്യമായ നാശമുണ്ടായെന്നാണു യുക്രെയ്ൻ പറയുന്നത്.
dsgdg