യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കു പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ


യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കു പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിം പിന്തുണ അറിയിച്ചത്. റഷ്യയുടെ ഏറ്റവും പ്രധാന വിക്ഷേപണകേന്ദ്രമാണിത്.  സാന്പത്തികസഹകരണം, സൈനികസഹകരണം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന ചർച്ച അഞ്ചു മണിക്കൂറോളം നീണ്ടുവെന്ന് റഷ്യൻ സർക്കാരിന്‍റെ വാർത്താ ഏജൻസി ആർഐഎ നോവോസ്തി റിപ്പോർട്ട് ചെയ്തു. ചർച്ചയ്ക്കുശേഷം കിമ്മിന് പുടിൻ വിരുന്ന് നല്കി. ആഡംബര ബുള്ളറ്റ്പ്രൂഫ് ട്രെയിനിൽ കിം ഇന്നലെ സ്വന്തം രാജ്യത്തേക്കു മടങ്ങി.  

സൈനിക സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് കിം ജോംഗ് ഉനുമായി ചർച്ച നടത്തിയെന്ന് പുടിൻ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിൽ ആയുധക്ഷാമം നേരിടുന്ന റഷ്യക്ക് ഉത്തരകൊറിയ ആയുധങ്ങൾ നല്കുമെന്നു റിപ്പോർട്ടുണ്ട്. പകരം ഉപഗ്രഹ വികസനത്തിന് സങ്കേതികവിദ്യ നല്കി ഉത്തര കൊറിയയെ റഷ്യ സഹായിക്കും. ഭക്ഷ്യസഹായവും ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്. ചാര ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ അടുത്തിടെ ഉത്തര കൊറിയ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് കിം ജോംഗ് ഉൻ റഷ്യയിലെത്തിയത്. കസാൻ നഗരത്തിൽവച്ച് റഷ്യൻ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്‌ലോവുമായി ചർച്ച നടത്തിയിരുന്നു.  യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധം നല്കി സഹായിക്കാൻ കിം തയാറായേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. പാശ്ചാത്യശക്തികളുമായുള്ള റഷ്യയുടെയും ഉത്തരകൊറിയയുടെയും ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് പുടിൻ−കിം കൂടിക്കാഴ്ച.

article-image

dfgfdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed