ലിബിയയിലെ വെള്ളപ്പൊക്കം; മരണം 5000 കടന്നതായി റിപ്പോർട്ട്; 10,000 പേരെ കാണാതായി


ഡാനിയേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ മരിച്ചവരുടെ എണ്ണം മണിക്കൂർതോറും കുതിച്ചുയരുന്നു. ചൊവ്വ വൈകിട്ടുവരെ കിഴക്കൻ നഗരം ഡർനയിൽ 2300 പേർ മരിക്കുകയും 10,000 പേരെ കാണാതാവുകയും ചെയ്തതായാണ്‌ ഔദ്യോഗിക റിപ്പോർട്ട്‌. എന്നാൽ, മരണം 5000 കടന്നതായി ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വിദേശമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. മരണം ഇനിയും ഗണ്യമായി ഉയരുമെന്ന്  അന്താരാഷ്ട്ര റെഡ്‌ ക്രോസ്‌ ഫെഡറേഷനിലെ ലിബിയൻ സ്ഥാനപതി താമെർ റമദാൻ പറഞ്ഞു. കണ്ടെത്തിയ 700 മൃതശീരരങ്ങൾ മറവുചെയ്തു. പ്രതികൂല കാലവസ്ഥയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഞായർ രാത്രിമുതലാണ്‌ ഡെർനയിൽ ശക്തമായ പേമാരി ആരംഭിച്ചത്‌. ജലപ്രവാഹം ശക്തമായതോടെ രണ്ട്‌ അണക്കെട്ടുകൾ വലിയ പൊട്ടിത്തെറി ശബ്ദത്തോടെ തകർന്നു. മലനിരകളിൽ ഉത്ഭവിച്ച്‌, നഗരത്തിലൂടെ കടലിലേക്ക്‌ ഒഴുകുന്ന വാദി ഡെർന നദിയിലൂടെ ജലം കുത്തിയൊലിച്ചു. മണിക്കൂറിനകം നഗരം വെള്ളത്തിലായി. ചില പ്രദേശങ്ങളപ്പാടെ ഒഴുകിപ്പോയി. ജനവാസകേന്ദ്രങ്ങളായിരുന്ന ഇടങ്ങളിൽ ഇപ്പോൾ ചെളിക്കൂമ്പാരം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇതിന്റെ ഭീതിജനകമായ ചിത്രങ്ങൾ സമീപപ്രദേശങ്ങളിൽ ഉള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. 

വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ കാറുകൾ ഒന്നിനുമേലെ ഒന്നായി  കുന്നുകൂടി കിടക്കുന്നു. തൊണ്ണൂറായിരത്തിൽപ്പരം ജനങ്ങൾ വസിച്ചിരുന്ന നഗരമാണ്‌ ഡർന. ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവർത്തകർക്ക്‌ അവിടേക്ക്‌ എത്തിച്ചേരാനാകാത്തതും ദുരന്തത്തിന്റെ ആക്കം കൂട്ടി. ചൊവ്വാഴ്ചയാണ്‌ കൂടുതൽ രക്ഷാസംഘത്തെ ഇവിടേക്ക്‌ എത്തിക്കാനായത്‌. തദ്ദേശവാസികളും എത്തിച്ചേർന്ന രക്ഷാപ്രവർത്തകരുമാണ്‌ ചെളിക്കൂനകൾക്കിടയിലും നദിയിലുംനിന്ന്‌ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്‌. ലിബിയയുടെ മറ്റ്‌ ഭാഗങ്ങളിൽനിന്നുള്ള റെഡ്‌ ക്രസന്റ്‌ വളന്റിയർമാരും ചൊവ്വാഴ്ച രാവിലെ ഡർനയിൽ എത്തി. മറ്റ്‌ നഗരങ്ങളിലും കനത്ത മഴയാണ്‌. ഡർനയുടെയും കിഴക്കൻ ലിബിയയുടെയും കഴിവിന്‌ അതീതമായ ദുരന്തമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി ഓത്ത്‌മാൻ അബ്ദുൾജലീൽ പറഞ്ഞു. സൈനിക കമാൻഡർ ഖലീഫ ഹിഫ്‌തറിന്റെ അധീനതയിലുള്ള പ്രദേശമാണ്‌ ഡർന. യുഎൻ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. യുഎന്നുമായി ചേർന്ന്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി അമേരിക്ക പറഞ്ഞു.

article-image

edfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed