യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തി റഷ്യ
യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങളിൽ റഷ്യ തെരഞ്ഞെടുപ്പ് നടത്തുന്നു. ഡോണറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങളിൽ വെള്ളി മുതൽ ഞായർ വരെ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കും. റഷ്യയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകൾക്കൊപ്പമാണിത്. അധിനിവേശ പ്രദേശങ്ങളിൽ റഷ്യക്കു പൂർണനിയന്ത്രണമുണ്ടെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു തെരഞ്ഞെടുപ്പെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഗവർണർപദവിയിലേക്കും പ്രാദേശിക സമിതികളിലേക്കുമെല്ലാം വോട്ടെടുപ്പു നടക്കും. റഷ്യൻ അനുകൂലികളുടെ ശക്തികേന്ദ്രമായ ലുഹാൻസ്കിലും ഡോണറ്റ്സ്കിലും ജനം തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഖേർസൺ, സാപ്പോറിഷ്യ പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടു പ്രദേശങ്ങളിലും റഷ്യൻ പട്ടാളത്തിനു ഭാഗിക നിയന്ത്രണമേയുള്ളൂ. റഷ്യൻ ഭരണകൂടം ഇറക്കുമതി ചെയ്തിരിക്കുന്ന സ്ഥാനാർഥികൾ ആരാണെന്നുപോലും ജനങ്ങൾക്കറിയില്ല. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുണൈറ്റഡ് റഷ്യാ പാർട്ടിയുടെയും ലിബറൽ ഡെമോക്രാറ്റിക് അടക്കമുള്ള മറ്റു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.
സൈനികർ വീടുകൾ കയറിയിറങ്ങി ജനങ്ങളോടു വോട്ടുചെയ്യാൻ നിർദേശിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. യുക്രെയ്ന്‍റെ 15 ശതമാനം വരുന്ന നാലു പ്രദേശങ്ങൾ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കുകയായിരുന്നു. ഹിതപരിശോധന അന്താരാഷ്‌ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. റഷ്യൻ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നു യുക്രെയ്നും പാശ്ചാത്യശക്തികളും വ്യക്തമാക്കി. വോട്ടെടുപ്പുഫലം അന്താരാഷ്‌ട്രസമൂഹം അംഗീകരിക്കരുതെന്നു യുക്രെയ്ൻ പാർലമെന്‍റ് ആവശ്യപ്പെട്ടു.
്ിു്