ജയിൽ ചാടിയ മുൻ സൈനികനെ ബ്രിട്ടീഷ് പോലീസ് പിടികൂടി
ജയിൽ ചാടിയ തീവ്രവാദക്കേസ് പ്രതിയും മുൻ സൈനികനുമായ ഡാനിയൽ കാലിഫി(21)നെ ബ്രിട്ടീഷ് പോലീസ് പിടികൂടി. തെക്കൻ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിൽനിന്നു ബുധനാഴ്ച രക്ഷപ്പെട്ട ഇയാളെ പിടിക്കാനായി രാജ്യമൊട്ടുക്ക് തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ പടിഞ്ഞാറൻ ലണ്ടനിലെ ചിസിക് മേഖലയിൽനിന്നാണ് പിടിയിലായത്. ഭീകരാക്രമണത്തിനു പദ്ധതിയിട്ടവർക്ക് നിർണായക വിവരം കൈമാറിയെന്ന കുറ്റത്തിന് 2021 ഓഗസ്റ്റിലാണ് അറസ്റ്റിലായത്.
വ്യോമസേനാ താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയെന്ന കേസുമുണ്ട്. ജനുവരി അവസാനം ഇയാളെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജയിൽ അടുക്കളയിൽ ജോലി ചെയ്തിരുന്ന പ്രതി, ഡെലിവറി വാനിന്‍റെ അടിഭാഗത്ത് പിടിച്ചിരുന്നാണ് രക്ഷപ്പെട്ടതെന്നു കരുതുന്നു. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിരുന്നു.
പരുരപ