ചാന്ദ്രപര്യവേക്ഷണ ദൗത്യവുമായി ജപ്പാൻ
ജപ്പാന്‍റെ ചാന്ദ്രപര്യവേക്ഷണ പേടകം ഇന്നലെ വിജയകരമായി വിക്ഷേപിച്ചു. ഫെബ്രുവരിയിൽ ചന്ദ്രനിൽ പേടകമിറക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. വിജയിച്ചാൽ അമേരിക്ക, സോവ്യറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നിവർക്കുശേഷം ചന്ദ്രനിൽ വിജയകരമായി പേടകമിറക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതി ജപ്പാനു സ്വന്തമാകും. ജാപ്പനീസ് ബഹിരാകാശ പര്യവേക്ഷണ ഏജൻസിയുടെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേഷൻ മൂൺ (സ്ലിം) എന്ന ചെറുപേടകത്തെ വഹിക്കുന്ന റോക്കറ്റ് ഇന്നലെ തെക്കൻ ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്‍ററിൽനിന്നാണ് ഉയർന്നത്. ചന്ദ്രനിലെ ലക്ഷ്യസ്ഥലത്തിന്‍റെ നൂറു മീറ്ററിനുള്ളിൽ സ്ലിം പേടകത്തെ ഇറക്കാനാണ് ജാപ്പനീസ് സംഘം ലക്ഷ്യമിടുന്നത്. സാധാരണ ചാന്ദ്രദൗത്യങ്ങളിൽ, കിലോമീറ്ററുകൾ വരുന്ന ലക്ഷ്യസ്ഥലങ്ങളിൽ സൗകര്യപ്പെടുന്നയിടത്ത് പേടകത്തെ ഇറക്കുകയാണു പതിവ്.
ലക്ഷ്യസ്ഥാനം വളരെ പരിമിതമായതിനാൽ ജാപ്പനീസ് ചാന്ദ്രദൗത്യത്തെ ‘മൂൺ സ്നൈപർ’ എന്നും വിളിക്കുന്നു. കൃത്യസ്ഥലത്തുതന്നെ ഇറങ്ങാനുള്ള ശ്രമത്തിന്‍റെ വിജയം ഭാവി ദൗത്യങ്ങൾക്കു ഗുണകരമാകും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയോടെയാണ് ഇന്ത്യയുടെ ചന്ദ്രയാൻ−3 ദൗത്യം ഓഗസ്റ്റിൽ വിജയം കണ്ടത്. അതിനു തൊട്ടുമുന്പ് റഷ്യൻ പേടകം ഇതേ സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചന്ദ്രനിൽ പേടകമിറക്കാനുള്ള ജപ്പാന്‍റെ മുൻ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.
chcgh