ജാതിവിവേചനം നിരോധിച്ച് ബിൽ പാസാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കലിഫോർണിയ
ജാതിവിവേചനം നിരോധിച്ച് ബിൽ പാസാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കലിഫോർണിയ. ചൊവ്വാഴ്ച സംസ്ഥാന സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ അഞ്ചിനെതിരേ 31 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇന്ത്യ അടക്കം തെക്കനേഷ്യൻ വംശജർക്കു സംരക്ഷണം നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചാൽ നിയമമായി മാറും. വംശം, മതം, ലിംഗം, ഭിന്നശേഷി എന്നിവയ്ക്കു പുറമേ ജാതിയുടെ പേരിലും വിവേചനം നിരോധിക്കപ്പെടും. അഫ്ഗാൻ വംശജയും കലിഫോർണിയ സെനറ്റിലെ ആദ്യ മുസ്‌ലിമുമായ ആയിഷ വഹാബ് ആണ് ബിൽ അവതരിപ്പിച്ചത്. ആയിരക്കണക്കിനു വർഷങ്ങളായി ദശലക്ഷങ്ങളുടെ കൈകളെ ബന്ധിച്ചിരിക്കുന്ന അജ്ഞാത ചങ്ങലകളിൽനിന്നു മോചനം നൽകുന്ന വെളിച്ചമാണ് തങ്ങൾ തെളിച്ചിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവുകൂടിയായ ആയിഷ പറഞ്ഞു.
ബിൽ പരിശോധിച്ചു വിലയിരുത്തി നടപടിയെടുക്കുമെന്ന് ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു. അതേസമയം, ജാതി വിഷയം അമേരിക്കയിൽ ഗുരുതരമല്ലെന്നും ഭിന്നിപ്പ് സൃഷ്ടിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടരുതെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, മേൽജാതിക്കാരിൽനിന്ന് വിവേചനം നേരിടുന്നതായി ദളിത് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
dhgdfgh