യുക്രെയ്നിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 16 മരണം
കിഴക്കൻ യുക്രെയ്നിലെ കോസ്തിയാന്തിനിവിക നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ മാർക്കറ്റിലായിരുന്നു ആക്രമണം. 28 പേർക്കു പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് മാർക്കറ്റിൽ തീപിടിത്തമുണ്ടായി. ഇരുപതിലേറെ കടകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി കീവിനു നേർക്ക് റഷ്യ ക്രൂസ് മിസൈലുകൾ പായിച്ചു. ഓഗസ്റ്റ് 30നുശേഷം യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യ നടത്തിയ ആദ്യ ആക്രമണമാണിത്. ആളപായമില്ല. ഒഡേസ മേഖലയിൽ റഷ്യൻ മിസൈൽ−ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ യുക്രെയ്ൻ സന്ദർശനത്തിനിടെയാണ് കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. ട്രെയിനിൽ കീവിലേക്കുള്ള യാത്രയ്ക്കിടെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സെന്നുമായി ആന്‍റണി ബ്ലിങ്കൻ ചർച്ച നടത്തി. ഇന്നലെ ബ്ലിങ്കൻ കീവിലെ ബെർകോവെറ്സ്കെ സെമിത്തേരിയിലെത്തി, രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരമർപ്പിച്ചു. റഷ്യക്കെതിരേയുള്ള യുക്രെയ്ന്‍റെ പ്രത്യാക്രമണത്തെ ബ്ലിങ്കൻ പ്രശംസിച്ചു. റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം നാലാം തവണയാണ് ബ്ലിങ്കൻ യുക്രെയ്നിലെത്തുന്നത്. അതേസമയം, 2022 ജനുവരിക്കുശേഷം ആദ്യമായാണ് ഉന്നത അമേരിക്കൻ നയതന്ത്രജ്ഞൻ യുക്രെയ്നിൽ രാത്രി തങ്ങിയത്. യുക്രെയ്ന് 100 കോടി ഡോളറിന്‍റെ സഹായംകൂടി ബ്ലിങ്കൻ പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.
asfdas