ഹവായിയിലെ കാട്ടുതീ: ഇതുവരെ ലഭിച്ചത് 99 മൃതദേഹങ്ങൾ


അമേരിക്കയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിൽ ദിവസങ്ങൾക്കു മുമ്പുണ്ടായ വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. അഗ്നി പടർന്ന് ചാരമായ മാഊയി ദ്വീപിലെ ചരിത്രപ്രാധാന്യമുള്ള ലഹൈന പട്ടണത്തിൽ പരിശോധന നാലിലൊന്ന് പൂർത്തിയായപ്പോൾ 99 മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. ദിവസവും 10-20 മൃതദേഹങ്ങൾ കണ്ടെത്തുന്നതായും വരുംനാളുകളിൽ മരണസംഖ്യ കുത്തനെ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിശീലനം സിദ്ധിച്ച 20 നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. വീടുകൾക്കു പുറമെ കത്തിക്കരിഞ്ഞ വാഹനങ്ങളിലും മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

കഴിഞ്ഞയാഴ്ച മണിക്കൂറുകൾക്കിടെ പടർന്നുപിടിച്ച കാട്ടുതീയിൽ തീരദേശ പട്ടണമായ ലഹൈന സമ്പൂർണമായി കത്തിയമർന്നിരുന്നു. 12,000 ജനസംഖ്യയുള്ള പട്ടണത്തിൽ ഭൂരിപക്ഷവും രക്ഷപ്പെട്ടപ്പോൾ എത്ര പേർ ദുരന്തത്തിനിരയായെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. പല മൃതദേഹങ്ങളും അഴുകിത്തുടങ്ങിയത് രക്ഷാപ്രവർത്തനവും തിരിച്ചറിയലും ദുഷ്‍കരമാക്കിയിട്ടുണ്ട്. 1300 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 99 മൃതദേഹങ്ങൾ ലഭിച്ചതിൽ മൂന്നു പേരെ മാത്രമാണ് വിരലടയാളം വെച്ച് തിരിച്ചറിയാനായത്. ഡി.എൻ.എ പരിശോധനക്കായി ബന്ധുക്കളോട് ഡി.എൻ.എ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങൾ തകരുമെന്ന ആശങ്കയും വായുവിലെ രാസമാലിന്യങ്ങളും അന്വേഷണസംഘത്തെ കുഴക്കുന്ന വിഷയങ്ങളാണ്.

ദിവസങ്ങൾക്കു മുമ്പുവരെ തിരക്കുപിടിച്ച കടകളും റസ്റ്റാറന്റുകളുമായിരുന്ന പട്ടണമാണ് ദുരന്തഭൂമിയായി മാറിയത്. 1918ൽ മിനിസോട, വിസ്കോൺസൻ സംസ്ഥാനങ്ങളെ പൊള്ളിച്ച വൻ അഗ്നിബാധക്കുശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയതാണിത്. അന്ന് 453 പേരാണ് കൊല്ലപ്പെട്ടത്. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അതിവേഗം പടർന്നതിനാൽ മുന്നറിയിപ്പ് നൽകൽപോലും സാധ്യമായില്ലെന്നാണ് സൂചന. യു.എസിലും കാനഡയിലും ഇപ്പോഴും അത്യുഷ്ണം തുടരുകയാണ്. ഇത് കാട്ടുതീക്ക് കാരണമായോ എന്നാണ് അന്വേഷിച്ചുവരുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ മാത്രം ലഹൈനയിൽ തീയെടുത്തിട്ടുണ്ട്. അനേകായിരം വാഹനങ്ങളും കത്തിയമർന്നു. വീടുവിട്ടുപോയവർക്ക് തിരിച്ചുവരാൻ ഇനിയും അവസരമായിട്ടില്ല. തീ പൂർണമായി നിയന്ത്രണവിധേയമാകാത്തതിനു പുറമെ തിരച്ചിൽ പുരോഗമിക്കുകയും ചെയ്യുന്നതിനാൽ താമസക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.

article-image

fghfghdfgdfg

You might also like

Most Viewed