ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ


ഒഡീഷയിലെ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത ഹൃദയം തകർക്കുന്നതാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രഥമ വനിത ജിൽ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിൻ ദുരന്തം അറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള കരുത്ത് നൽകണമെന്ന് പ്രാർഥിക്കുന്നു.- ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കൻ ജനതയും പങ്കുചേരുന്നു. ഈ വേദനയിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ ഞങ്ങൾ ചേർത്ത് പിടിക്കുന്നതായും ബൈഡൻ അറിയിച്ചു. അതേസമയം, ഒഡീഷ ദുരന്തത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹമാണ്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവർ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു.

ഒഡീഷ ദുരന്തത്തിൽ അത്യഗാധ ദുഃഖം രേഖപ്പെടുത്തുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പുടിൻ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും സന്ദേശത്തിലുണ്ട്. അതീവ ദുഃഖകരമായ അന്തരീക്ഷത്തിൽ ഇന്ത്യൻ ജനതയ്ക്കൊപ്പം ചേർന്നുനിൽക്കുകയാണെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി തുടങ്ങിയവരും ദുരന്തത്തിൽ അനുശോചനം അറിയിച്ചു.

You might also like

Most Viewed