മോസ്കോയിൽ വീണ്ടും ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾക്കു നാശനഷ്ടം
റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ ഡ്രോൺ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കു നാശനഷ്ടം സംഭവിച്ചു. മോസ്കോ മേയർ സെർദി സോബ്യാനിൻ ആണ് ഇക്കാര്യം അറിയിച്ചത്. എട്ടു ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്നും മൂന്നെണ്ണത്തിന്‍റെ പ്രവർത്തനം സ്തംഭിപ്പിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ നടത്തിയ ഭീകരാക്രമണമാണിതെന്നു റഷ്യ കുറ്റപ്പെടുത്തി. എന്നാൽ സംഭവത്തിൽ യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. സാധാരണക്കാരെ ലക്ഷ്യമിട്ടാണു യുക്രെയ്ൻ ആക്രമണം നടത്തിയതെന്നു റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ആരോപിച്ചു. രണ്ടു പേർക്കു നിസാര പരിക്കേറ്റുവെന്നു മോസ്കോ മേയർ അറിയിച്ചു.
ഡ്രോൺ ആക്രമണത്തിൽ കേടുപാടു സംഭവിച്ച രണ്ടു കെട്ടിടങ്ങളിൽനിന്നു താമസക്കാരെ ഒഴിപ്പിച്ചു. മോസ്കോയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഈ മാസം ആദ്യം നടന്ന ആക്രമണം പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ ലക്ഷ്യമിട്ടായിരുന്നുവെന്നു ക്രെംലിൻ ആരോപിക്കുന്നു. റഷ്യയിലെ വിവിധ പ്രദേശങ്ങളിൽ പലതവണ യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ റഷ്യയിലെ സരാട്ടോവിലെ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ആക്രമണം തുടരുന്നു. ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. നിരവധി കീവ് നിവാസികൾ അഭയകേന്ദ്രങ്ങളിലേക്കു മാറി.
sdfdfsfd