സിഡ്നിയിൽ മോദിക്ക് ഉജ്വല സ്വീകരണം
ഇന്ത്യൻ വംശജരുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ച് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തിന്‍റെ അടിസ്ഥാനം ഇന്ത്യൻ സമൂഹമാണെന്നും സിഡ്നിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെ സാക്ഷിനിർത്തി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ശക്തവും ബൃഹത്തുമായ ബന്ധത്തിന്‍റെ അടിസ്ഥാനശില പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ്. ഇവിടത്തെ ഇന്ത്യൻ സമൂഹമാണ് ഇതിനുള്ള ചാലകശക്തിയെന്നും കരഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതരീതികളാണെങ്കിലും യോഗയും ക്രിക്കറ്റും ടെന്നീസും സിനിമയുമെല്ലാം രണ്ടു ജനതയെയും ഒന്നിപ്പിക്കുന്നു. ഊഷ്മളമായ ഈ ബന്ധത്തെ ഇംഗ്ലീഷ് അക്ഷരമാലയിലെ സി,ഡി, ഇ എന്നിവ ഉപയോഗിച്ചാണു പ്രധാനമന്ത്രി വിശദീകരിച്ചത്.
കോമൺവെൽത്ത്, ക്രിക്കറ്റ്, കറി എന്നിവയാണ് രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സി. പിന്നീടത് ഡെമോക്രസി, ഡയസ്പോര, ദോസ്തി എന്നിങ്ങനെ മൂന്ന് "ഡി’കളായി. ഇപ്പോൾ എനർജി, ഇക്കണോമി, എഡ്യുക്കേഷൻ എന്നിങ്ങനെ മൂന്ന് "ഇ’കളിൽ എത്തിനിൽക്കുകയാണെന്നും മോദി വിശേഷിപ്പിച്ചു. വേദിയിലെത്തിയ മോദിയെയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെയും വേദമന്ത്രങ്ങളുടെയും ആദിമ ഓസ്ട്രേലിയൻ വംശജരുടെ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
dfsadfadf