നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഋഷി സുനക്
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ മൂന്ന് വർഷത്തെ ഋഷി സുനകിന്റെ വരുമാനമായ 47 ലക്ഷം പൗണ്ടിന് 10 ലക്ഷം പൗണ്ടാണ് (10 കോടി രൂപ) നികുതിയായി അടച്ചത്. സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമറും സമാനമായ രീതിയിൽ നികുതിവിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
എലിസബത്ത് രാഞ്ജിയെക്കാൾ സമ്പന്നനെന്ന വിശേഷണം നേടിയാണ് 2020 ൽ ബ്രിട്ടിഷ് ധനമന്ത്രിയായി സുനക് അധികാരമേറ്റത്. കൂടാതെ സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻആർ നാരായണമൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളായ അക്ഷത മൂർത്തിയുമായി ബന്ധപ്പെട്ട നികുതിവിവാദങ്ങളും ശ്രദ്ധ നേടിയിരുന്നു.
അതേസമയം നികുതിവിവരങ്ങൾ പരസ്യമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ്. അതിനു ശേഷം കൺസർവേറ്റിവ് പാർട്ടിയുടെ നേതാവായ തെരേസ മേ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് നികുതിവിവരങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയായതിന് ശേഷം ഇത് പാലിച്ചിരുന്നില്ല. സമാനമായ രീതിയിൽ ബോറിസ് ജോൺസണും ലിസ് ട്രസും നികുതി കാര്യത്തിൽ മൗനം പാലിച്ചിരുന്നു.
cghfghgfhf