അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തുമെന്ന് ഋഷിസുനക്


അനധികൃത കുടിയേറ്റം തടയാന്‍ നടപടികൾ‍ കർ‍ശനമാക്കി ബ്രിട്ടന്‍. യു.കെയിൽ അനധികൃതമായി പ്രവേശിക്കുന്നവർ‍ക്ക് അഭയം നൽ‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു.  “നിയമവിരുദ്ധമായി ഇവിടെ വന്നാൽ, നിങ്ങൾക്ക് അഭയം തേടാൻ കഴിയില്ല. നിങ്ങൾക്ക് കപടമായ മനുഷ്യാവകാശ വാദങ്ങൾ ഉന്നയിക്കാൻ കഴിയില്ല. നിങ്ങൾക്കിവിടെ നിൽ‍ക്കാനാവില്ല.”− റിഷി സുനക് ട്വീറ്റ് ചെയ്തു. അനധികൃതമായി വരുന്നവരെ തടവിലാക്കുമെന്നും ആഴ്ചകൾക്കുള്ളിൽ അവരെ നാടുകടത്തുമെന്നും റിഷി സുനക് അറിയിച്ചു. ഒന്നുകിൽ അവരുടെ സ്വന്തം രാജ്യത്തേക്ക്. അല്ലെങ്കിൽ റുവാണ്ട പോലെയുള്ള രാജ്യത്തേക്ക്. ഒരിക്കൽ‍ ഇങ്ങനെ നാടുകടത്തപ്പെട്ടാൽ‍ ഒരിക്കലും വീണ്ടും യു.കെയിലെത്താൻ കഴിയില്ല.അനധികൃത കുടിയേറ്റ ബിൽ എന്ന് വിളിക്കപ്പെടുന്ന ഈ കരട് നിയമം ചെറുബോട്ടുകളിൽ‍ ഇംഗ്ലീഷ് ചാനൽ വഴിയെത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അനധികൃതമായി പ്രവേശിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാൻ നൽകും. നിലവിലെ സാഹചര്യം ധാർമികമല്ലെന്നും അത് തുടരാൻ കഴിയില്ലെന്നും റിഷി സുനക് കൂട്ടിച്ചേർത്തു.

”ഞങ്ങളുടെ സഹായം ഏറ്റവും ആവശ്യമുള്ളവരെ സംബന്ധിച്ച് ഇത്  അനീതിയാണ്. പക്ഷെ ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി എത്തുന്നവർ‍ ഞങ്ങളുടെ സംവിധാനത്തെ മറികടക്കുന്നത് തുടരാനാവില്ല”− റിഷി സുനക് വിശദീകരിച്ചു. കഴിഞ്ഞ വർഷം 45,000ത്തിലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ തെക്കുകിഴക്കൻ ഇംഗ്ലണ്ട് തീരത്ത് എത്തി. മുൻ വർ‍ഷങ്ങളെ അപേക്ഷിച്ച് 60 ശതമാനം വർ‍ധനയുണ്ടായി. അതേസമയം മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാർട്ടികളും പുതിയ നിയമത്തെ വിമർശിച്ചു. പദ്ധതി പ്രായോഗികമല്ലെന്നും ദുർബലരായ അഭയാർത്ഥികളെ  ഈ നിയമം ബലിയാടാക്കുമെന്നും അവർ‍ വിമർ‍ശിച്ചു.നാടുകടത്തൽ നടപ്പിലാക്കാൻ യു.കെ ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചില അഭയാർത്ഥികളെ റുവാണ്ടയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചു. എന്നാൽ‍ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിലക്ക് കാരണം സാധ്യമായില്ല.

article-image

df

You might also like

Most Viewed