നേപ്പാൾ വിമാന അപകടം; 67 മൃതദേഹങ്ങൾ കണ്ടെത്തി; അഞ്ച് പേർ ഇന്ത്യക്കാർ
നേപ്പാൾ വിമാന അപകടത്തിൽ യാത്രക്കാരിലെ 10 വിദേശികളിൽ അഞ്ച് പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. മറ്റുള്ളവർ റഷ്യ, അയർലന്‍ഡ്, കൊറിയ, അർജന്‍റീന എന്നീ രാജ്യക്കാരാണ്. നിലവിൽ 67 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ പോലീസ് അറിയിച്ചു. അപകടത്തിൽ വിമാനം പൂർണമായും കത്തി നശിച്ചിരുന്നു. മുഴുവൻ യാത്രക്കാരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കാഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖാറയിലേക്ക് എത്തിയ യതി എയർലൈൻസിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യുന്നതിന് മുന്‍പ് തകർന്നു വീണത്. 68 യാത്രക്കാരും നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളം അടച്ചിരിക്കുകയാണ്. എട്ടുമാസത്തിനിടെ പൊഖാറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. 2022 മേയ് മാസത്തിലുണ്ടായ അപകടത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം തകർന്നുവീണതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ കനത്ത മൂടൽ മഞ്ഞാണ് പൊഖാറയിൽ അനുഭവപ്പെട്ടത്. അപകടത്തിൽ നേപ്പാൾ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
drtyfty