പ്രക്ഷോഭവുമായി ബന്ധപ്പെട്ട രണ്ടുപേരെ കൂടി തൂക്കിലേറ്റി ഇറാൻ

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ രണ്ടുപേരെ കൂടി തൂക്കിലേറ്റി. മുഹമ്മദ് മഹ്ദി കറമി, സയ്യിദ് മുഹമ്മദ് ഹുസൈനി എന്നിവരെയാണ് ശനിയാഴ്ച തൂക്കിക്കൊന്നത്. രണ്ടുപേരുടെ വധശിക്ഷ ഡിസംബറിൽ നടപ്പാക്കിയിരുന്നു. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്നാരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന കുർദ് യുവതിയുടെ മരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 14 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
നാലുപേരുടേത് നടപ്പാക്കി, സുപ്രീം കോടതി ശിക്ഷ ശരിവെച്ച രണ്ടുപേരുടേത് വൈകാതെ നടപ്പാക്കും. ആറുപേരുടെ കേസിൽ പുനർവിചാരണ നടത്തും. രണ്ടുപേർക്ക് അപ്പീൽ നൽകാൻ ഇനിയും അവസരമുണ്ട്. സെപ്റ്റംബറിൽ തുടങ്ങിയ പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ല. പ്രമുഖർ ഉൾപ്പെടെ 14000ത്തിലേറെ പേർ അറസ്റ്റിലായതായാണ് റിപ്പോർട്ട്.
rtjhtyjhty