അഫ്ഗാൻ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്ഫോടനവുമുണ്ടായത്. ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും മറ്റ് വിദേശികളായ വ്യവസായികളും സ്ഥിരമായി താമസിക്കുന്ന കാബൂളിലെ ഹോട്ടലിന് നേര്‍ക്കായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം. ബഹുനില ഹോട്ടല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്‌നിക്കിരയായ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നു. ഹോട്ടലില്‍ ആദ്യം ഗ്രനേഡ് ആക്രമണം നടത്തുകയും പിന്നീട് തോക്കുധാരികളായ മൂന്ന് പേര്‍ ചേര്‍ന്ന് അഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ചൈനീസ് പൗരന്മാര്‍ കൂട്ടമായിരുന്ന സ്ഥലത്തും റിസപ്ഷന്‍ ഹാളിലുമായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ബാഗില്‍ ഒളിപ്പിച്ച് ഹോട്ടലിന് അകത്തേക്ക് കടന്ന ഭീകരരായിരുന്നു സംഭവത്തിന് പിന്നില്‍. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തടയാന്‍ ശ്രമിച്ച താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഐഎസ് ഭീകരര്‍ ഹാന്‍ഡ് ഗ്രനേഡ് എറിഞ്ഞു. ഇതിന് ശേഷമാണ് ഹോട്ടലിലെ അതിഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ വിദേശികളായ രണ്ട് അതിഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് ചാടിയതോടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. വിവിധ തരത്തില്‍ പരിക്കേറ്റ 18 പേര്‍ കാബൂളിലെ എമര്‍ജന്‍സി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, ഹോട്ടലില്‍ ഭീകരാക്രമണം നടത്തിയ തോക്കുധാരികളായ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി. ഇവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. കാബൂളിലെ ഷഹര്‍-ഇ-നൗ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ലോംഗാന്‍ ഹോട്ടലിന് നേര്‍ക്കാണ് ഭീകരാക്രമണം സംഭവിച്ചതെന്ന് മണിക്കൂറുകള്‍ക്ക് ശേഷം താലിബാന്‍ സ്ഥിരീകരിച്ചിരുന്നു.
aaa