ഹിജാബ് സമരത്തിന് പിന്തുണ; ഖമേനിയുടെ സഹോദരി പുത്രിക്ക് ശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം


ഇറാനിലെ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുകയും രാജ്യവ്യാപകമായി അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സഹോദരീപുത്രിക്ക് ശിക്ഷ വിധിച്ചു. ഫരീദേ മൊറദ്ഖാനി എന്ന യുവതിക്കാണ് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാസം 23ന് ഫരീദേയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് ഫരീദേ.
ആക്ടിവിസ്റ്റ് കൂടിയായ ഫരീദേ ഖമനേയിയെ ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിന് മുമ്പും ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരില്‍ ഫരീദേയെ ജയിലിലടച്ചിട്ടുണ്ട്.

ജയില്‍ ശിക്ഷ ലഭിച്ച കാര്യം ഫരീദേയുടെ അഭിഭാഷകന്‍ മുഹമ്മദ് ഹൊസൈന്‍ അഖാസിയാണ് പുറത്തുവിട്ടത്. രാജ്യത്തിന്റെ ജുഡിഷ്യറിയില്‍ നിന്ന് സ്വതന്ത്രമായതും പരമോന്നത നേതാവിനോട് മാത്രം ഉത്തരം പറയേണ്ടതുമായ ഒരു പുരോഹിത കോടതിയിലാണ് ഫരീദേയുടെ വിചാരണ നടന്നതെന്ന് അഭിഭാഷകന്‍ പറയുന്നു. വിചാരണയ്ക്ക് തന്നെ പ്രവേശിപ്പിച്ചില്ലെന്നും ഫരീദേയ്ക്ക് ആദ്യം 15 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചതെങ്കിലും അപ്പീലിലൂടെ മൂന്ന് വര്‍ഷമായി കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഫരീദേയുടെ മാതാവും ഖമനേയിയുടെ സഹോദരിയുമായ ബദ്രി ഹൊസൈനി ഖമനേയിയും ഭരണകൂടത്തെ വിമര്‍ശിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഖമനേയിയുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്നും ഖമേനിയ പദവി ഒഴിയണമെന്നും ബദ്രി ആവശ്യപ്പെട്ടിരുന്നു.

article-image

AAA

You might also like

Most Viewed