ക്ഷേത്രത്തിലെ സന്ന്യാസിമാരെല്ലാം മയക്കുമരുന്നിന് അടിമകൾ ; അനാഥമായി തായ്ലൻഡിലെ ബുദ്ധക്ഷേത്രം
ക്ഷേത്രത്തിലെ എല്ലാ സന്ന്യാസിമാരും മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രം അനാഥമായി. മെതാംഫീറ്റാമിന്‍ പരിശോധനയില്‍ മഠാധിപതി ഉള്‍പ്പെടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തുകയായിരുന്നു. വടക്കന്‍ തായ്‌ലന്‍ഡിലെ ബങ്‌സാംഫാന്‍ പ്രദേശത്തെ ഫേട്ചാബുന്‍ ഗ്രാമത്തിലെ ബുദ്ധക്ഷേത്രമാണ് എല്ലാ സന്ന്യാസികളും ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് പോയതോടെ ഒറ്റപ്പെട്ടത്.
മ്യാന്‍മറില്‍ നിന്ന് ഉള്‍പ്പെടെ വ്യാപകമായി മയക്കുമരുന്ന് എത്തുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ന്യാസിമാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയത്. ക്ഷേത്രങ്ങളും സന്ന്യാസിമഠങ്ങളും പോലും മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യം ഭയാനകമാണെന്ന് പ്രാദേശിക ഭരണകൂടം പ്രതികരിച്ചു.
തായ്‌ലന്‍ഡില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന ജനവിഭാഗമാണ് ബുദ്ധസന്ന്യാസിമാര്‍. ബാങ്കോക്കിന്റെ മെട്രോ സംവിധാനത്തിലുള്‍പ്പെടെ ബുദ്ധസന്ന്യാസിമാര്‍ക്ക് പ്രത്യേക സീറ്റുകളുണ്ട്. രാജ്യത്തെ ഒറ്റപ്പെട്ട പല ചെറുഗ്രാമങ്ങളിലും പ്രശ്‌നപരിഹാരത്തിനും വിദഗ്ധ ഉപദേശത്തിനുമായി ആളുകള്‍ ബുദ്ധ സന്ന്യാസിമാരെയാണ് സമീപിക്കാറുള്ളത്. ഈ പശ്ചാത്തലത്തില്‍ പത്ത് വര്‍ഷമായി ക്ഷേത്രത്തില്‍ മഠാധിപതിയായി സേവനമനുഷ്ഠിക്കുന്ന സന്ന്യാസി പോലും മയക്കുമരുന്നിന് അടിപ്പെട്ടത് ഗുരുതരമാണെന്ന് ഗ്രാമവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
AAA