യു എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ, അനാച്ഛാദനം ഡിസംബറിൽ


ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കും. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിന്റെ കൂടെയാണ് ഗാന്ധിയുടെ അര്‍ധകായ പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. ഈ വരുന്ന ഡിസംബര്‍ 14നായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുക.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുകയെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കംബോജ് അറിയിച്ചിട്ടുണ്ട്. ഇന്ത്യ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്. ജയശങ്കര്‍ അടുത്തമാസം യു.എന്‍ ആസ്ഥാനം സന്ദര്‍ശിക്കാനിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഒരു സമ്മാനമെന്ന രീതിയിലാണ് പ്രതിമ യു.എന്‍ ആസ്ഥാനത്ത് സ്ഥാപിക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ശില്‍പങ്ങളും മറ്റും യു.എന്‍ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്. എന്നാല്‍ യു.എന്നിന്റെ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. യു.എന്‍ ആസ്ഥാനത്തെ വിശാലമായ നോര്‍ത്ത് ലോണിലായിരിക്കും പ്രതിമ സ്ഥാപിക്കുകയെന്നും രുചിര കംബോജ് പറഞ്ഞിരുന്നു.

പത്മശ്രീ ജോതാവും അറിയപ്പെടുന്ന ഇന്ത്യന്‍ ശില്‍പിയുമായ റാം സുതര്‍ ആണ് ഗാന്ധി പ്രതിമ നിര്‍മിക്കുന്നത്. ഗുജറാത്തിലെ ഏകതാ പ്രതിമ (Statue of unity) നിര്‍മിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യു.എന്‍ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഡിസംബര്‍ 14ന് നടക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. ഇതിന് പുറമെ സെക്യൂരിറ്റി കൗണ്‍സിലില്‍ 2023 ജനുവരി ഒന്ന് മുതല്‍ പുതുതായി അംഗത്വമെടുക്കാനിരിക്കുന്ന അഞ്ച് അംഗരാജ്യങ്ങളുടെ പ്രതിനിധികളും പരിപാടിയിലേക്കെത്തും. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും ചടങ്ങില്‍ പങ്കെടുത്തേക്കും.

 

article-image

AA

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed