ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന വെടിയുതിർത്തു

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ഇറാനിലെ മത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമിനിയുടെ 40−ാം ചരമദിനം ആചരിക്കാൻ തടിച്ചു കൂടിയവർക്ക് നേരെ സുരക്ഷാസേന വെടിയുതിർത്തു. മഹ്സയുടെ ജന്മനാട്ടിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. കൂർദ്ദിൽ മഹ്സയുടെ കബറിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർക്ക് നേരെയാണ് ഇറാൻ സുരക്ഷാ സേന വെടിയുതിർത്തത്.
ശിരോവസ്ത്രം ഊരിമാറ്റി നൂറ് കണക്കിന് സ്ത്രീകളാണ് പ്രതിഷേധിച്ചത്. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം, ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. കൂർദ്ദിന് പുറമെ പ്രധാന ഇറാൻ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്സ അമിനിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. പിന്നാലെയുണ്ടായ ക്രൂര മർദ്ദനത്തിൽ ഇവർ കൊല്ലപ്പെടുകയായിരുന്നു. മഹ്സ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിൽ 250ലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
hfcfh