സുഡാനിൽ ആഭ്യന്തര സംഘർഷം; രണ്ടുദിവസത്തിനിടെ 150ലേറെ പേർ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ബ്ലൂ നൈൽ സംസ്ഥാനത്ത് ആഭ്യന്തര സംഘർഷത്തിൽ രണ്ടുദിവസത്തിനിടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 150ലേറെ പേർ കൊല്ലപ്പെട്ടു. സമീപ മാസങ്ങളിലെ ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലാണിത്. 86 പേർക്ക് പരിക്കേറ്റു. രാജ്യതലസ്ഥാനമായ ഖർത്തൂമിൽ നിന്ന് 500 കിലോ മീറ്റർ തെക്ക് വാദ് അൽ മഹി പ്രദേശത്താണ് പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് ഗോത്രവിഭാഗങ്ങളുടെ സായുധ പോരാട്ടത്തിലേക്ക് നീങ്ങിയത്.
ഒക്ടോബർ 13ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 170 പേർ കൊല്ലപ്പെടുകയും 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ കലാപത്തെ അപലപിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി.