‘താൻ മനുഷ്യക്കടത്തിന്റെ ഇര’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോ ഫറ


താൻ മനുഷ്യക്കടത്തിൻ്റെ ഇരയാണെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ദീർഘദൂര ഓട്ടക്കാരൻ മോ ഫറ. 9ആം വയസിൽ ആഫ്രിക്കൻ രാജ്യമായ സൊമാലിലാൻഡിൽ നിന്ന് തന്നെ ബ്രിട്ടണിലെത്തിക്കുകയായിരുന്നു എന്ന് മോ ഫറ പറഞ്ഞു. അപരിചിതയായ ഒരു സ്ത്രീ വ്യാജ രേഖകൾ നിർമിച്ചാണ് തന്നെ ബ്രിട്ടണിലെത്തിച്ചത്. അവരെ പിന്നീട് ഒരിക്കലും താൻ കണ്ടിട്ടില്ലെന്നും മോ ഫറ ബിബിസിയുടെ ഒരു ഡോക്യുമെൻ്ററിയിൽ പറഞ്ഞു.

സൊമാലിലാൻഡിൽ ഹുസൈൻ അബ്ദി കഹിൻ എന്ന പേരിലാണ് താൻ ജനിച്ചതെന്ന് മോ ഫറ പറയുന്നു. മാതാപിതാക്കൾ ഒരിക്കലും ബ്രിട്ടണിൽ താമസിച്ചിട്ടില്ല. തനിക്ക് 4 വയസുള്ളപ്പോൾ പിതാവ് ഒരു ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് കുടുംബം ശിഥിലമായി. താൻ അമ്മയിൽ നിന്ന് വേർപെട്ടു. പിന്നീടാണ് തന്നെ യുകെയിലേക്ക് കടത്തിയത്. ഖൂദ് മുഹമ്മദ് ഫറ എന്ന പേരിലാണ് തന്നെ ഇവിടെ എത്തിച്ചത്. യൂറോപ്പിൽ എവിടെയോ ഉള്ള ബന്ധുക്കൾക്കൊപ്പം താമസിക്കാനാണ് തന്നെ കൊണ്ടുപോകുന്നെന്ന് പറഞ്ഞു. ആദ്യമായായിരുന്നു വിമാനത്തിൽ കയറിയത്. അതുകൊണ്ട് തന്നെ വലിയ ആവേശത്തിലായിരുന്നു താനെന്നും മോ ഫറ പറയുന്നു.

 യുകെയിലെത്തിയപ്പോൾ ആ സ്ത്രീ ഫറയെ വെസ്റ്റ് ലണ്ടനിലുള്ള തൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ വിവരങ്ങളടങ്ങിയ കടലാസ് ആ സ്ത്രീ കീറി ചവറ്റുകുട്ടയിലിട്ടപ്പോൾ താൻ കുടുങ്ങിയെന്ന് ഫറ മനസ്സിലാക്കി. “‘നിൻ്റെ കുടുംബത്തെ ഇനി കാണണമെങ്കിൽ നീ ഒന്നും മിണ്ടരുത്’ എന്ന് ആ സ്ത്രീ ഭീഷണിപ്പെടുത്തി. പട്ടിണി കിടക്കാതിരിക്കാൻ വീട്ടുജോലികൾ ചെയ്തു. ചിലപ്പോഴൊക്കെ ശുചിമുറിയിൽ കയറിയിരുന്ന് ഞാൻ കരയുമായിരുന്നു. ആദ്യ വർഷങ്ങളിൽ പഠിക്കാൻ അവർ അനുവദിച്ചില്ല. എന്നാൽ, 12 ആം വയസിൽ ഞാൻ പഠിക്കാനാരംഭിച്ചു. സൊമാലിയയിൽ നിന്നെത്തിയ അഭയാർത്ഥിയാണ് താനെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഈ വേദനകളൊക്കെ മാറ്റാനാണ് ഞാൻ ട്രാക്കിലേക്കിറങ്ങിയത്.”- ഫറ പറയുന്നു.

article-image

സ്കൂളിലെ പിഇ ടീച്ചർ അലൻ വാറ്റ്കിൻസൺ ഫറയിലെ ഓട്ടക്കാരനെ തിരിച്ചറിഞ്ഞു. വൈകാതെ തൻ്റെ യഥാർത്ഥ കഥ മോ ഫറ തൻ്റെ അധ്യാപകനെ അറിയിച്ചു. തുടർന്ന് സോഷ്യൽ സർവീസസിൻ്റെ നിർദ്ദേശപ്രകാരം ഒരു സൊമാലി ഫാമിലി ഫറയെ ഫോസ്റ്റർ ചൈൽഡാക്കി വളർത്തി. അവിടം മുതൽ ജീവിതം നന്നാവാൻ തുടങ്ങിയെന്ന് ഫറ പറയുന്നു. 2000ൽ അലൻ വാറ്റ്കിൻസണിൻ്റെ സഹായത്തോടെ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു.

2012 ലണ്ടൻ ഒളിംപിക്‌സിലും 2016 റിയോ ഒളിംപിക്‌സിലും ബ്രിട്ടന് വേണ്ടി ഫറ ഇരട്ട സ്വർണം നേടിയിരുന്നു.

You might also like

Most Viewed