നാളെ രാജിവയ്ക്കുമെന്ന് ശ്രീലങ്കൻ പ്രസിഡണ്ട്
ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നതിനിടെ രാജിക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ. നാളെ രാജിവയ്ക്കുമെന്ന് രജപക്‌സെ അറിയിച്ചു. രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭകർ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികൾ ഉൾപ്പെടെ പിടിച്ചെടുത്തത്. രാജിവയ്ക്കുമെന്ന് ഞായറാഴ്ച രജപക്‌സെ സ്പീക്കറെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചിരുന്നു.
ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷം സർവകക്ഷി യോഗവും പ്രധാനമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
സർവകക്ഷി യോഗത്തിൽ പ്രധാനപ്പെട്ട തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല വഹിക്കുന്നത് പാർലമെന്‍റ് സ്പീക്കറാണ്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്നാണ് സർവകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നത്.