ശ്രീലങ്കന്‍ കലാപം: സ്പീകര്‍ താല്‍കാലിക പ്രസിഡന്റാകും; ലങ്കയിലെ പ്രശ്‌നങ്ങളില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരയുന്ന ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. സ്പീകര്‍ മഹിന്ദ അബേയ് വര്‍ധനേ രാജ്യത്ത് താല്‍കാലിക പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സര്‍വകക്ഷി സര്‍കാരില്‍ എല്ലാ പാര്‍ടികള്‍ക്കും പങ്കാളിത്തമുണ്ടാകും.
നിലവിലെ ലങ്കന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെയുടെ വസതിയില്‍ ശനിയാഴ്ച് സുരക്ഷാ സേനകളെയെല്ലാം മറികടന്ന് 1000 കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോടബയ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗോടബയ രജപക്‌സെ ശനിയാഴ്ച രാജിസന്നദ്ധത അറിയിച്ചിരുന്നു. പ്രതിക്ഷേധം തുടരുകയും രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് രാജിസന്നദ്ധത അറിയിച്ചത്. കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.
വീണ്ടും അധികാരത്തിലെത്തിയ ഉടനെ ജനപ്രീതി കൂട്ടാന്‍ നികുതി കുറച്ച സര്‍കാരായിരുന്നു മഹീന്ദ രജപക്‌സേയുടേത്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ആദ്യം ബാധിച്ചത് ഇതാണ്. 2019 ലെ ഭീകരാക്രമണവും തൊട്ടുപിന്നാലെ വന്ന കോവിഡും വിനോദസഞ്ചാരം പ്രധാന വരുമാനമാക്കിയ രാജ്യത്തിന്റെ നട്ടല്ലൊടിച്ചു. വലിയ ലാഭം പ്രതീക്ഷിച്ച് രാസവള ഇറക്കുമതി നിര്‍ത്തി. ജൈവകൃഷിയിലേക്ക് തിരിഞ്ഞത് കാര്‍ഷിക മേഖലയെയും തളര്‍ത്തി.
അതേസമയം, ലങ്കയിലെ പ്രശ്‌നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്.