490 കോടി ഡോളര്‍ തട്ടി 'ക്രിപ്‌റ്റോ രാജ്ഞി' മുങ്ങി; വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
175 രാജ്യങ്ങളിലെ നിക്ഷേപകരെ പറ്റിച്ചു മുങ്ങിയ രുജാ ഇഗ്‌നാറ്റോവയെ പിടികൂടാന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ക്രിപ്‌റ്റോ രാജ്ഞി എന്നാണ് രുജാ ഇഗ്‌നാറ്റോവ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയ വലിയ തട്ടിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയിലാണ് എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയില്‍ ഇഗ്‌നാറ്റോവയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിപ്‌റ്റോ കറന്‍സിയിലൂടെ 490 കോടി ഡോളര്‍ (ഏകദേശം 38685.94 കോടി രൂപ) തട്ടിയെടുത്താണ് ഇഗ്‌നാറ്റോവ മുങ്ങിയത്. ഇഗ്‌നാറ്റോവയും അവരുടെ ബിസിനസ്സ് പങ്കാളിയും ചേര്‍ന്ന് 2014 ല്‍ ബള്‍ഗേറിയ കേന്ദ്രമായി വണ്‍കോയിന്‍ എന്ന സ്റ്റാര്‍റ്റപ്പ് സ്ഥാപിച്ചിരുന്നു. 'ബിറ്റ്‌കോയിന്‍ കില്ലര്‍' എന്നാണ് വണ്‍കോയിന്‍ അറിയപ്പെട്ടിരുന്നത്.വിവിധ രാജ്യങ്ങളില്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് തന്റെ ക്രിപ്‌റ്റോകറന്‍സിയായ വണ്‍കോയിന്‍ രുജാ അവതരിപ്പിച്ചത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്‌നാറ്റോവ തുടങ്ങിയ പേരുകളിലാണ് ഇവര്‍ തന്റെ ആരാധകര്‍ക്കു മുന്നില്‍ താര പരിവേഷത്തോടെ അവതരിക്കുക. വണ്‍കോയിന്‍ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നു പറഞ്ഞും, 'തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന' മറ്റു ക്രിപ്‌റ്റോകറന്‍സികളെ കണക്കിനു കളിയാക്കിയുമൊക്കെയാണ് അവര്‍ കാണികളെ കയ്യിലെടുത്തിരുന്നത്.