അര്‍ജന്റീനയിൽ പ്രതിസന്ധി രൂക്ഷം: ധനമന്ത്രി മാര്‍ട്ടിന്‍ ഗുസ്മാന്‍ രാജിവച്ചു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ധനമന്ത്രി മാര്‍ട്ടിന്‍ ഗുസ്മാന്‍ ശനിയാഴ്ച രാജിവച്ചു.തന്റെ രാജിക്കത്ത് അദ്ദേഹം പ്രസിഡന്റ് ആര്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന് അയച്ചുകൊടുത്തു. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ സര്‍ക്കാരിന് ഇരട്ട തിരിച്ചടിയാണ് മന്ത്രിയുടെ രാജി.
അന്താരാഷ്ട്ര നാണയ നിധിയുമായും കടക്കാരുമായും രാജ്യത്തിന്റെ കടം പുനഃക്രമീകരിക്കല്‍ കരാറിന് നേതൃത്വം നല്‍കിയതില്‍ വന്‍ ആരോപണങ്ങളാണ് മന്ത്രി ഗുസ്മാന്‍ നേരിട്ടിരുന്നത്. രാജിക്കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലും കത്ത് പോസ്റ്റ് ചെയ്തു.
'സാമ്പത്തിക ചുമതലയുള്ള മന്ത്രി എന്ന സ്ഥാനത്തു നിന്ന് എന്റെ രാജി സമര്‍പ്പിക്കുന്നു' പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന് അയച്ച കത്തില്‍ ഗുസ്മാന്‍ പറഞ്ഞു.
2019-ല്‍ അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അംഗീകാര റേറ്റിംഗാണ് സര്‍ക്കാര്‍ നേരിടുന്നത്. പണപ്പെരുപ്പം 60%-ന് മുകളിലാണ്. രാജ്യത്തെ പെസോ കറന്‍സി കടുത്ത സമ്മര്‍ദ്ദത്തിലാണ്. സോവറിന്‍ ബോണ്ടുകള്‍ കുത്തനെ ഇടിഞ്ഞു.ഗുസ്മാനെപ്പോലുള്ള മിതവാദികളും ഭരണസഖ്യത്തിലെ തീവ്രനിലപാടുകാരും തമ്മില്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. തന്റെ പിന്‍ഗാമിയെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും ഗുസ്മാന്‍ പറഞ്ഞു.