നാഗലാന്‍ഡ് വെടിവെപ്പ്: മുപ്പത് സൈനികര്‍ക്കെതിരെ കുറ്റപത്രം, 'വെടിയുതിര്‍ത്തത് ഓപ്പറേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ'

കൊഹിമ: നാഗലാൻഡ് വെടിവെപ്പിൽ മുപ്പത് സൈനികർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഡിസംബറിലാണ് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് 14 ഗ്രാമീണർക്കെതിരെ സൈന്യം വെടിയുതിർത്തത്. ഫോറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രത്തിൽ 29 ജവാൻമാരും ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിൽ അമ്പത് ഗ്രാമീണരെ സാക്ഷികളാക്കി പ്രാഥമിക കുറ്റപത്രം നേരത്തെ നൽകിയിരുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല.
സൈനികർ ഓപ്പറേഷൻ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഗ്രാമീണർക്ക് നേരെ വെടിവച്ചതെന്ന് എസ്ഐടി ആരോപിച്ചു. വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിൽ നാഗലാൻഡിൽ വൻ പ്രതിഷേധം നടന്നിരുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തിനിടെ ഒരു സൈനികൻ മരിക്കുകയും ചെയ്തിരുന്നു.
2021 ഡിസംബർ നാലിനാണ് മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളായ ഗ്രാമീണർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സൈന്യം നൽകിയ വിശദീകരണം.
തൊഴിലാളികളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയതിനാലാണ് വെടിവച്ചതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നൽകിയ വിശദീകരണം. എന്നാൽ വാഹനം നിർത്താൻ സൈന്യം ആവശ്യപ്പെട്ടിരുന്നില്ലെന്ന് വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗ്രാമീണൻ സെയ് വാങ്ങ് സോഫ്റ്റ്ലി എന്നയാൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമത്തിനെതിരെ നാഗലാൻഡിൽ വ്യാപക പ്രതിഷേധമുയർന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും സൈനികർക്കെതിരെ നടപടിയെടുക്കാതെ ധനസഹായം സ്വീകരിക്കില്ലെന്ന് കുടംബങ്ങൾ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.