പാകിസ്താന് 800 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി സൗദി

പാകിസ്താന് വമ്പൻ ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. 800 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് സൗദി അറേബ്യ പാകിസ്താന് അനുവദിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആദ്യ ഔദ്യോഗിക സൗദി സന്ദർശനത്തിലാണ് കരാറിന് ധാരണയായത്. പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സൗദിയുടെ സഹായം.പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും അദ്ദേഹത്തിന്റെ ഔദ്യോഗിക സംഘവും സന്ദർശനം കഴിഞ്ഞ് സൗദി അറേബ്യ വിട്ടു. എന്നാൽ സാമ്പത്തിക പാക്കേജിന്റെ നടപടി ക്രമങ്ങൾ അന്തിമമാക്കാനായി ധനകാര്യമന്ത്രി മിഫ്താ ഇസ്മായിൽ ഇപ്പോഴും സൗദിയിലുണ്ട്. പാക്കേജിന്റെ വിശദ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 1.2 ബില്യൺ ഡോളറിൽ നിന്ന് 2.4 ബില്യൺ ഡോളറായി എണ്ണ സംഭരണം ഇരട്ടിയാക്കണമെന്ന പാക് ആവശ്യത്തെ സൗദി അംഗീകരിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപം 2023 ജൂൺ വരെ നീട്ടി നൽകാനും തീരുമാനമായി.