ഇന്ത്യയിലേത് ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ ഡ്രൈവെന്ന് ഐക്യരാഷ്‌ട്രസഭ
ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിന് നൽകുന്ന എല്ലാവിധ സഹകരണങ്ങളും തുടരുമെന്ന് ഐക്യരാഷ്‌ട്രസഭ. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ ഡ്രൈവ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക് വിശേഷിപ്പിച്ചത്. രാജ്യത്തെ 60 കോടിയോളം ജനങ്ങളിലേക്ക് വാക്‌സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. യുഎന്നിന്‍റെ പ്രതിദിന മാദ്ധ്യമസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ കോർഡിനേറ്റർ ഷോംബി ഷാർപ്പിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. സർവൈലൻസ് ശക്തിപ്പെടുത്തുക, പ്രതിരോധ ഘടകങ്ങൾ നീരീക്ഷിക്കുക, ലാബ് കപ്പാസിറ്റി ത്വരിതപ്പെടുത്തുക, കൂടുതൽ പ്രതിരോധ സംവിധാന ആശയങ്ങൾ വികസിപ്പിക്കുക, ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക, ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നീ കാര്യങ്ങളിൽ ഐക്യരാഷ്‌ട്ര സഭ നേതൃത്വം നൽകുന്ന സംഘം ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും യുഎൻ വ്യക്തമാക്കി. റിസ്‌ക് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് ഇതിനോടകം 1.3 ദശലക്ഷം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകിയതായും യുഎൻ അറിയിച്ചു.