അഞ്ചുവർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച എലി മരണത്തിന് കീഴടങ്ങി
അനേകായിരം മനുഷ്യരുടെ ജീവൻ രക്ഷിച്ച മഗാവ ഒടുവിൽ മരണത്തിന് കീഴടങ്ങി. എലി പൊതുവേ ഉപദ്രവകാരികളാണെങ്കിലും കംബോഡിയയിൽ നിന്നുള്ള 1.2 കിലോഗ്രാം ഭാരവും 70 സെന്റീമീറ്റർ നീള മഗാവ എന്ന പേരുള്ള ജയന്റ് പൗച്ച്ഡ് റാറ്റ് ഇനത്തിൽ പെട്ട എലി അഞ്ചുവർഷത്തെ സൈനിക സേവനത്തിനിടെ നൂറിലേറെ കുഴിബോംബുകളാണ് മണത്തു കണ്ടെത്തിയത്. ടാൻസാനിയയിലാണ് ജനനം. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എ.പി.ഒ.പി.ഒ. 2016−ലാണ് അതിന് വിദഗ്ധപരിശീലനം നൽകിയത്. ഒരു വർഷം നീണ്ട പരിശീലനത്തിനുശേഷം മഗാവ സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാന് തുടങ്ങി. അവന് ഇഷ്ടപ്പെട്ട ഭക്ഷണപദാർഥങ്ങൾ സമ്മാനമായി നൽകിയായിരുന്നു പരിശീലനം.
2020−ൽ ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന പീപ്പിൾ ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് (പി.ഡി.എസ്.എ.) മഗാവയുടെ ധീരമായ പ്രവൃത്തികൾക്ക് സ്വർണമെഡൽ നൽകി ആദരിച്ചു. കഴിഞ്ഞ ജൂണിൽ ജോലിയിൽനിന്നും വിരമിച്ചു.
വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ കുഴിബോംബുകൾ ഉപയോഗിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് കംബോഡിയ. 60 ലക്ഷത്തോളം കുഴിബോംബുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടാതെ കിടപ്പുണ്ടെന്നാണ് കണക്ക്. 4000−ത്തിലധികം പേർക്ക് ഇതുവരെ സ്ഫോടനങ്ങളിൽ അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്.
സാധാരണ എലികളുമായി വിദൂരബന്ധം മാത്രമുള്ള എലിവർഗമാണ് ജെയന്റ് പൗച്ച്ഡ് റാറ്റ്. മണംപിടിക്കാൻ അസാമാന്യമായ കഴിവ് ഇവയ്ക്കുണ്ട്. പരിശീലനം നൽകിയാൽ ഒരു മനുഷ്യന് നാലുദിവസംകൊണ്ട് കണ്ടെത്തുന്ന കുഴിബോംബ് വെറും 20 മിനിറ്റുകൊണ്ട് കണ്ടെത്താന് ഇവയ്ക്കാകും. ഭാരം കുറവായതിനാൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ വേഗത്തിൽ നീങ്ങാൻ സാധിക്കുമെന്നതും സവിശേഷതയാണ്.