അമേരിക്കൻ ബോക്സിംഗ് ഇതിഹാസം മാർവിന്‍ ഹാഗ്ലർ അന്തരിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസവും 1980 മുതൽ 1987 വരെ മിഡിൽ വെയ്റ്റ് ചാംപ്യനായിരുന്ന മാർവിന്‍ ഹാഗ്ലർ(66) അന്തരിച്ചു. മാർവിന്‍റെ ഭാര്യ കേ ജി. ഹാഗ്ലറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹാംഷെയറിലെ കുടുംബവീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. 1973 മുതൽ 1987 വരെ കായികലോകത്തെ നിറസാന്നിധ്യമായിരുന്ന മാർവിൻ. ഈ കാലത്ത് രണ്ട് സമനിലയും 52 നോക്കൗട്ടുകളും സ്വന്തമാക്കി 62−3 എന്ന റിക്കാർഡ് നേടിയിരുന്നു.
1985ൽ ലാസ് വെഗാസിലെ സീസർ പാലസിൽ നടന്ന തോമസ് ഹിറ്റ്മാന്‍ ഹിയേഴ്ണ്‍സിനെതിരായ എട്ട് മിനിറ്റിലധികം നീണ്ടുനിന്ന മത്‍സരം ഒരു ക്ലാസിക് ആയാണ് കണക്കാക്കപ്പെടുന്നത്. 1980ൽ വേൾഡ് ബോക്‌സിംഗ് കൗൺസിലിന്‍റെയും വേൾഡ് ബോക്സിംഗ് അസോസിയേഷന്‍റെയും മിഡിൽവെയ്റ്റ് കിരീടങ്ങൾ ഹാഗ്ലർ നേടി. 1976 മുതൽ 1986 വരെ, 36 വിജയങ്ങളും ഒരു സമനിലയും ഹാഗ്ലർ നേടിയിരുന്നു. ബോക്‌സിംഗിൽ നിന്നും വിരമിച്ചതിന് ശേഷം നടനും ബോക്സിംഗ് കമന്‍റേറ്ററുമായും പ്രവർത്തിച്ചിരുന്നു.