ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ കുടുംബത്തിന് 27 മില്യൺ ഡോളർ നഷ്ടപരിഹാരം ലഭിക്കും. മിനിയാപൊളിസ് നഗരസഭയ്ക്ക് എതിരെ ജോർജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ സിവിൽ കേസിലാണ് ഈ ഒത്തുതീർപ്പ് ഉണ്ടായത്. വ്യവസ്ഥ പ്രകാരം 27 മില്യൺ ഡോളർ അഥവാ 200 കോടിയോളം ഇന്ത്യൻ രൂപ കുടുംബത്തിന് ലഭിക്കും.
അതേസമയം സംഭവത്തിൽ ഉൾപ്പെട്ട സെറിക് ഷൗവിന്‍ അടക്കമുള്ള പൊലീസുകാർക്ക് എതിരെ ക്രിമിനൽ കേസ് പുരോഗമിക്കുകയാണ്. കേസിൽ ജൂറി സെലക്ഷൻ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു ക്രിമിനൽ കേസിന് മുന്‍പ് സിവിൽ കേസ് ഒത്തുതീർപ്പിലാകുന്നത്.
മിനിയാപൊളിസ് നഗരസഭ, പൊലീസ് ഡിപ്പാർട്ട്‌മെന്റ്, ഓഫീസർമാർ എന്നിവർക്ക് എതിരെയാണ് സിവിൽ കേസ് ഉണ്ടായിരുന്നത്. കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോർണിമാർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്നാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ പ്രക്ഷോഭം ലോകരാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജോർജ് ഫ്‌ളോയിഡ് (46) കഴിഞ്ഞ ജൂണിലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.