ജോൺസൺ ആന്റ് ജോണ്‍സന്റെ കൊറോണ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി


ജനീവ: ജോൺസൺ‍ ആന്റ് ജോൺസന്റെ കൊറോണ വാക്‌സിന് അനുമതി നൽ‍കി ലോകാരോഗ്യ സംഘടന. ജോൺ‍സൺ ആന്റ് ജോൺസന്റെ കൊറോണ പ്രതിരോധ വാക്‌സിന് അംഗീകാരം നൽ‍കി ലോകാരോഗ്യ സംഘടന. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽ‍കിയിരിക്കുന്നത്. വാക്‌സിന്‍ അടിയന്തര ആവശ്യമുള്ള രാജ്യങ്ങളിൽ‍ ഇവയുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അംഗീകാരവും ഡബ്ല്യുഎച്ച്ഒ നൽ‍കിയിട്ടുണ്ട്. ഒറ്റ ഡോസ് കൊറോണ വാക്‌സിനാണ് ജോൺസൺ‍ ആന്റ് ജോൺസണ്‍ കന്പനി വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാക്‌സിന് അംഗീകാരം നൽ‍കിയതിലൂടെ കൊറോണയ്‌ക്കെതിരെ പോരാടുന്നതിനായി പുതിയതും സുരക്ഷിതവുമായ ഒരു കടന്പ കൂടി കടന്നിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ‍ ജനറൽ‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. ലോകമെന്പാടുമുള്ള ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും, അവ എല്ലാ ആളുകൾക്കും ലഭ്യമായില്ലെങ്കിൽ‍ ഗുണമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

ഒറ്റ ഡോസ് വാക്‌സിനാണെന്നത് ജോൺസൺ‍ ആന്റ് ജോൺ‍സന്റെ പ്രത്യേകതയായി ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഗുരുതരമായി പടരുന്ന രാജ്യങ്ങളിലേക്ക് ഇവ അനുയോജ്യമാണെന്നും ഇവർ‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് കൂടുതൽ‍ വിവരങ്ങൾ തയ്യാറാക്കുന്നതിന് ഡബ്ല്യുഎച്ച്ഒ ആരോഗ്യവിദഗ്ദ്ധരുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഒറ്റ ഡോസ് വാക്‌സിൻ‍ ആണെന്നതിന് പുറമെ മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് സാധാരണ ഫ്രിഡ്ജിൽ‍ സൂക്ഷിക്കാൻ സാധിക്കുമെന്നതും ജോൺ‍സൺ‍ ആന്റ് ജോൺസന്റെ ഗുണമായി പറയുന്നു.

അമേരിക്കയും കാനഡയും ജോൺസൺ‍ ആന്റ് ജോൺസന്റെ വാക്‌സിന് നേരത്തെ അനുമതി നൽ‍കിയിരുന്നു. കൊറോണയുടെ പുതിയ വകഭേദങ്ങൾക്ക് ഉൾപ്പടെ ഈ വാക്‌സിൻ ഏറെ ഫലപ്രദമാണെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു. 2021 അവസാനത്തോടെ ആഗോള തലത്തിൽ‍ ഒരു ബില്യൺ വാക്‌സിൻ വിതരണം പൂർ‍ത്തിയാക്കുമെന്ന് ജെ ആന്റ് ജെ ചീഫ് സയന്റിസ്റ്റ് പോള്‍ സ്‌റ്റോഫെൽ‍സ് പറഞ്ഞിരുന്നു. അടുത്ത വർ‍ഷം ഇത് 3 ബില്യൺ ഡോസ് എന്നതിലേക്ക് ഉയർ‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed