അസ്ട്രസെനെക വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന
ജനീവ: കോവിഡിനെതിരെ അസ്ട്രസെനെക വാക്സിൻ സുരക്ഷിതമാണെന്നും ഉപയോഗിക്കാമെന്നും ലോകാരോഗ്യസംഘടന. രക്തം കട്ടപിടിക്കുന്നതിനെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ അസ്ട്രസെനെക വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് വിശദീകരണവുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയത്. അസ്ട്രസെനെക വാക്സിൻ നിർത്തിവയ്ക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു. വാക്‌സിനുകളുടെ ഉപദേശക സമിതി നിലവിൽ സുരക്ഷാ ഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധം സ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഡെൻമാർക്ക്, നോർവേ, ഐസ്‌ലൻഡ്, ഇറ്റലി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളാണ് അസ്ട്രസെനെക വാക്സിന്‍റെ ഉപയോഗം നിർത്തിവയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തത്.
സ്വീകർത്താക്കളിൽ രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഉപയോഗത്തിലുള്ള മറ്റ് വാക്സിനുകൾ പോലെ തന്നെ മികച്ച വാക്സിനാണ് ആസ്ട്രാസെനെകയെന്ന് ഡബ്ല്യൂഎച്ച്ഒ വക്താവ് മാർഗ്രെറ്റ് ഹാരിസ് പറഞ്ഞു. കോവിഡ് മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു. എന്നാൽ വാക്സിനേഷൻ മൂലമെന്ന് തെളിയിക്കപ്പെട്ട മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിൻ നിർത്തിവയ്ക്കാനുള്ള കാരണമൊന്നും കാണുന്നില്ലെന്നും അവർ പറഞ്ഞു.