നൈജീരിയയിൽ സ്കൂൾ ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സർക്കാർ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടുപോകലിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ബോക്കോ ഹറാം ഇസ്‌ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. ജാംഗ്ബെ പട്ടണത്തിലെ ഗവൺമെന്‍റ് ഗേൾസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അർധരാത്രി ഒരു മണിക്കാണ് നൂറിലധികം ആയുധധാരികൾ എത്തിയതെന്ന് അധ്യാപകർ പറഞ്ഞു.