രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ആശങ്കയിൽ ചൈന
ബെയ്ജിംഗ് : ചൈനയിൽ വിടാതെ പിടിമുറുക്കി കൊറോണ. ഉറവിടം അറിയാത്ത രോഗികൾക്ക് പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടമാകാത്ത കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് വിവരം. ഷിൻസിയാംഗ് പ്രദേശത്താണ് രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊറോണ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി ഷിൻജിയാംഗിൽ ഉറവിടവും, ലക്ഷണങ്ങളും ഇല്ലാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമാണ് രോഗലക്ഷണമില്ലാത്ത കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ നടത്തിയ പരിശോധനയിൽ 137 പേർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമല്ലാതിരുന്നതെന്ന് ഷിൻജിയാംഗിലെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.
അതേ സമയം പ്രദേശത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ശനിയാഴ്ച ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയായ 17 കാരിക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ രോഗലക്ഷണം പ്രകടമല്ലാതിരുന്ന ഇവരുടെ രോഗത്തിന്റെ ഉറവിടം ആരോഗ്യപ്രവർത്തകർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. രോഗികളുടെ ഉറവിടം വ്യക്തമാകാത്തതും, രോഗ ലക്ഷണം പ്രകടമാക്കാത്തതും പ്രദേശത്ത് സമ്പർക്ക വ്യാപനം ഇരട്ടിയാക്കിയിട്ടുണ്ട്.