ക്വാറന്‍റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് വരെ പിഴ: നടപടികൾ കടുപ്പിച്ച് ഇംഗ്ലണ്ട്


ലണ്ടൻ: ഇംഗ്ലണ്ടിൽ ക്വാറന്‍റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് (9.5 ലക്ഷം രൂപ) വരെ പിഴ ഈടാക്കുമെന്ന് സർക്കാർ. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് സ്ഥിരീകരിച്ച ആളുമായി സന്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ സ്വയം ക്വാറന്‍റൈൻ പോകണം. നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴയിടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
സപ്റ്റംബർ 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1,000 പൗണ്ട് പിഴ ഈടാക്കും. കുറ്റമാവർത്തിച്ചാൽ പിഴ 10,000 പൗണ്ടായി ഉയരും. ക്വാറന്‍റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ 500 പൗണ്ട് അധിക ആനുകൂല്യം നൽകുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
ബ്രിട്ടണിൽ 390,358 പേർക്ക് ഇതുവരെ രോഗം ബാധിക്കുകയും 41,759 പേർ മരിക്കുകയും ചെയ്തു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുകയാണ്. യുകെ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ് തുടങ്ങി എട്ടു ദിവസവും രോഗികളുടെ എണ്ണം ഉയരുകയാണ്.